പ്രായഭേദമന്യേ ഉപയോഗിക്കാൻ കഴിയുന്ന ഇരുചക്രവാഹന മോഡലുകളിലൊന്നാണ് റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ. കൗമാരക്കാർ മുതൽ പ്രായമായവർ വരെ ബുള്ളറ്റിന്റെ ആരാധകരാണെന്ന് അറിയുമ്പോഴാണ് ഈ വാഹനത്തിന്റെ മഹത്വമെന്താണെന്ന് മനസിലാകുന്നത്. അമ്പതുകളിൽ റോയൽ എൻഫീൽഡിന്റെ താരമായിരുന്ന ട്രയൽസ് മോഡലുകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കമ്പനി പുറത്തിറക്കുന്ന പുതിയ മോഡലുകളാണ് ഇപ്പോൾ വാഹനലോകത്തെ സംസാര വിഷയം. ഇപ്പോൾ റോയൽ എൻഫീൽഡിന്റെ മിന്നും താരങ്ങളായ ക്ലാസിക് 350, 500 മോഡലുകളെ അടിസ്ഥാനമാക്കിയാണ് ട്രയൽസിന്റെ രൂപകൽപ്പന. ഓഫ് റോഡ് യാത്രകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ സ്‌ക്രാംബ്ലർ രൂപത്തിലാണ് ട്രയൽസിന്റെ രൂപകൽപ്പന. 350 മോഡലിന് 1.62 ലക്ഷം രൂപയും ട്രയൽസ് 500ന് 2.07 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില.
സാധാരണ റോയൽ എൻഫീൽഡ് ബൈക്കുകളിൽ നിന്ന് വ്യത്യസ്തമായി ഉയർന്ന എക്‌സ്ഹോസ്‌റ്റ്, വലിയ ടയർ, സ്‌പോക്ക്ഡ് വീൽ, സിംഗിൾ സീറ്റ്, റിയൽ ക്യാരിയർ, പിന്നിലെ ഉയർന്ന മഡ്ഗാർഡ്. തുടങ്ങിയവ ട്രയൽസിന്റെ പ്രത്യേകത. ഓഫ് റോഡ് യാത്രകൾക്ക് ഉതകുന്ന രീതിയിലാണ് ടയറുകൾ. അൽപം ഉയർന്ന് സ്‌പോർട്സ് ടെപ്പാണ് ഹാൻഡിൽ ബാർ. ക്രോസ് ബ്രെയ്സും ഇതിലുണ്ട്. ടെയിൽ ലൈറ്റും ഇന്റിക്കേറ്ററും അടുത്തിടെ പുറത്തിറങ്ങിയ ഇന്റർസെപ്‌റ്ററിലേകിന് സമാനം. ഹെഡ്‌ലൈറ്റ്, ഫ്യുവൽ ടാങ്ക്, എൻജിൻ, ഇരുവശങ്ങൾ എന്നിവ സ്‌റ്റാന്റേർഡ് ബുള്ളറ്റിന് സമാനം.
മുന്നിൽ 19 ഇഞ്ചും പിന്നിൽ 18 ഇഞ്ചുമാണ് വീൽ. സുഖകരമായ യാത്രയ്‌ക്ക് മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കും പിന്നിൽ ട്വിൻ ഷോക്ക് അബ്‌സോർബേഴുസുമാണ് സസ്‌പെൻഷൻ. സുരക്ഷയ്ക്കായി മുന്നിൽ 280 എം.എം ഡിസ്‌ക് ബ്രേക്കും പിന്നിൽ 240 എം.എം ഡിസ്‌ക് ബ്രേക്കുമുണ്ട്. ഡ്യുവൽ ചാനൽ എ.ബി.എസ് സുരക്ഷയും ട്രയൽസിലുണ്ട്. എൻജിൻ ഗാർഡ്, ഹെഡ്‌ലൈറ്റ് ഗ്രിൽ, നമ്പർ ബോർഡ്, അലൂമിനിയം സംപ്ഗാർഡ്, ഹാൻഡിൽബാർ ബ്രെയ്സ് പാഡ് എന്നീ അഡീഷണൽ ആക്‌സസറികളും ഇതിൽ കമ്പനി ഉൾപ്പെടുത്തുന്നുണ്ട്.