ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്നും മത്സരിക്കുന്ന രമ്യ ഹരിദാസിനെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട അദ്ധ്യാപിക ദീപ നിശാന്തിനെ പരിഹസിച്ചും വിമർശിച്ചും നിരവധി പേരായിരുന്നു രംഗത്തെത്തിയത്. ഇപ്പോൾ എം.എൽ.എ ശബരീനാഥൻ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. അഞ്ചു വർഷം കൊണ്ട് ഒരു പ്രൈവറ്റ് ബില്ലുപോലും അവതരിപ്പിക്കാത്തവർ എങ്ങനെ എം.പി ആവും എന്ന് അദ്ദേഹം പോസ്റ്റിൽ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ടീച്ചറേ ഒരു ഡൗട്ട്.
----------------------------
ദീപ ടീച്ചറുടെ പുതിയ പോസ്റ്റിൽ ചില കണക്കുകൾ ഉദ്ധരിച്ചു (കടമെടുത്താണെന്ന് പറയുന്നു) ശ്രീ PK ബിജു MP ഒരു പണത്തൂക്കം മുന്നിലാണെന്ന് എന്ന് സ്‌ഥാപിക്കാൻ ശ്രമിക്കുന്നു .ഇതിന് ഉത്തരമുണ്ടെങ്കിൽ നൽകണമെന്നാണ് ശ്രീ അനിൽ അക്കര MLAയോട് ടീച്ചർ ആവശ്യപെട്ടിരിക്കുന്നത്.
എന്തായാലും ടീച്ചർ നിരത്തിയ കണക്കുകൾ കൂടുതലായി പഠിക്കുവാൻ ഒരു നല്ല വിദ്യാർത്ഥിയെപ്പോലെ ലോക്സഭാ വെബ്സൈറ്റിൽ കണ്ണോടിച്ചു. ലോകസഭയിൽ MPമാരുടെ പ്രവർത്തനത്തിന്റെ ഒരു പ്രധാന അളവുകോൽ അവർ അവതരിപ്പിക്കുന്ന പ്രൈവറ്റ് മെമ്പർ ബില്ലുകളുടെ എണ്ണമാണെന്നു അറിയാവുന്നതുകൊണ്ട് അതിന്റെ രേഖകൾ പലവട്ടം പരിശോധിച്ചു. കണക്കുകൾ ചുവടെ ചേർക്കുന്നു:
1.പ്രൈവറ്റ് മെമ്പർ ബില്ല് ദേശിയ ശരാശരി - 2.3 എണ്ണം 2. പ്രൈവറ്റ് മെമ്പർ ബില്ല് കേരള എംപിമാരുടെ ശരാശരി - 4.7 എണ്ണം 3.ശശി തരൂർ MP അവതരിപ്പിച്ച പ്രൈവറ്റ് ബില്ല് - 16 എണ്ണം 4.NK പ്രേമചന്ദ്രൻ MP അവതരിപ്പിച്ച പ്രൈവറ്റ് ബില്ല് - 7 എണ്ണം 5. MK രാഘവൻ MP അവതരിപ്പിച്ച പ്രൈവറ്റ് ബില്ല് - 15 എണ്ണം 6.കൊടിക്കുന്നിൽ സുരേഷ് MP അവതരിപ്പിച്ച പ്രൈവറ്റ് ബില്ല് - 6 എണ്ണം 7.ഇന്നസെന്റ് അവതരിപ്പിച്ച പ്രൈവറ്റ് ബില്ല് - 0 8.PK ബിജു MP അവതരിപ്പിച്ച പ്രൈവറ്റ് ബില്ല് - 0 അപ്പോൾ അഞ്ചു വർഷം കൊണ്ട് ഒരു പ്രൈവറ്റ് ബില്ലുപോലും അവതരിപ്പിക്കാത്ത ചാലക്കുടികാരനും ആലത്തുരുകാരനും എങ്ങനെയാണ് മികച്ച MPമാരാകുന്നത്? മറ്റുള്ളവർ മോശക്കാരാണോ? ഡൗട്ട് ഒന്ന് ക്ലിയർ ചെയ്താൽ അടുത്ത വിഷയത്തിലേക്ക് കടക്കമായിരുന്നു.