ന്യൂഡൽഹി:ബഹിരാകാശ യുദ്ധത്തിനും ശേഷിയുള്ള നാലാമത്തെ രാജ്യം എന്ന നേട്ടം കൈവരിച്ചുകൊണ്ട് ഇന്ത്യ ഇന്നലെ ഉപഗ്രഹ വേധ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചു. ശത്രു ഉപഗ്രഹങ്ങളെ ഭൂമിയിൽ നിന്ന് നിഗ്രഹിക്കാൻ കഴിയുന്ന ഈ ദൗത്യത്തെ ബഹിരാകാശത്തെ ഇന്ത്യയുടെ സർജിക്കൽ സ്‌ട്രൈക്ക് എന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിച്ചത്.
പ്രതിരോധ ഗവേഷണ ഏജൻസിയായ ഡി. ആർ. ഡി. ഒ നേതൃത്വം നൽകിയ 'മിഷൻ ശക്തി' എന്ന് പേരിട്ട ദൗത്യത്തിന്റെ വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ടെലിവിഷനിലൂടെയും റേഡിയോയിലൂടെയും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും ഒരു അസാധാരണ പ്രക്ഷേപണത്തിൽ രാഷ്ട്രത്തെ അറിയിക്കുകയായിരുന്നു.
ഭൂമിയിൽ നിന്ന് 300 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ ( ലോ എർത്ത് ഓർബിറ്റ് ) സഞ്ചരിച്ച സ്വന്തം ഉപഗ്രഹത്തെയാണ് ആന്റി സാറ്റലൈറ്റ് മിസൈൽ ( എ - സാറ്റ് ) ഉപയോഗിച്ച് തകർത്തത്. ഇതോടെ ഈ ശേഷി കൈവരിച്ച് ബഹിരാകാശത്തും യുദ്ധം ചെയ്യാൻ കെൽപ്പുള്ള അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ നിരയിലേക്ക് ഇന്ത്യയും എത്തി.
ജനുവരിയിൽ പ്രതിരോധ ഗവേഷണത്തിനായി ഇന്ത്യ വിക്ഷേപിച്ച മൈക്രോസാറ്റ് - ആർ എന്ന ഉപഗ്രഹത്തെയാണ് തകർത്തത്. 277 കിലോമീറ്റർ ഉയരത്തിൽ ഭ്രമണം ചെയ്‌ത ഉപഗ്രഹത്തിന് 740 കിലോ ഭാരമുണ്ടായിരുന്നു.
ഇന്നലെ ഒഡിഷയിലെ അബ്ദുൾ കാലാം ദ്വീപിലെ റേഞ്ചിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്.
മണിക്കൂറിൽ 28,000 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിച്ച ഉപഗ്രഹത്തെ മൂന്ന് മിനുട്ടിനുള്ളിൽ തകർത്തു
300കിലോ മീറ്റർ അകലെ പായുന്ന ഒരു വെടിയുണ്ടയിൽ മറ്റൊരു വെടിയുണ്ട കൊള്ളിക്കുന്നത്ര ദുഷ്‌കരമായ ദൗത്യം.
5,000 കിലോമീറ്റർ റേഞ്ചുള്ള ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ അഗ്നി 5 ന്റെ മറ്റൊരു പതിപ്പാണ് ഉപഗ്രഹ നിഗ്രഹത്തിന് ഉപയോഗിച്ചത്.
..
പുതിയ മിസൈലിന് 2000 കിലോമീറ്റർ വരെയുള്ള ലോ എർത്ത് ഓർബിറ്റിലെ ശത്രു ഉപഗ്രഹങ്ങളെ നശിപ്പിക്കാം.
മാരകായുധം
ഉപഗ്രഹ നിഗ്രഹം ശക്തമായ ആയുധമാണ്. മനുഷ്യനെ കൊല്ലാതെ ശത്രു രാജ്യത്തെ നിശ്ചലമാക്കാം. ബാങ്കുകളും എ.ടി. എമ്മുകളും വാണിജ്യവും വ്യാപാരവും ഗതാഗതവും ഉൾപ്പെടെ സമ്പദ് വ്യവസ്ഥയുടെ സകല മേഖലകളും ഉപഗ്രഹങ്ങൾ നൽകുന്ന ഇന്റർനെറ്റ് സേവനത്തെയാണ് ആശ്രയിക്കുന്നത്. ഉപഗ്രഹങ്ങൾ തകർന്നാൽ ആ രാജ്യം നിശ്ചലമാകും.