15 - 20 % ക്ഷയരോഗത്തിന്റെ രോഗാണുബാധ ശ്വാസകോശത്തിന് പുറത്തേക്ക് വ്യാപിക്കും. ഇത് മറ്റിനം ക്ഷയരോഗങ്ങൾക്ക് കാരണമാകും. എക്സ്ട്രാ പൾമണറി ട്യൂബർക്കുലോസിസ് എന്നാണ് ഇത്തരം അവസ്ഥകളെ ഒരുമിച്ച് വിവക്ഷിക്കുന്നത്. രോഗപ്രതിരോധശേഷി കുറഞ്ഞവരിലോ കുട്ടികളിലോ ആണ് ഈ അസുഖം സാധാരണഗതിയിൽ ഉണ്ടാവുന്നത്. എച്ച്.ഐ.വി ബാധയുള്ളവരിൽ 50 ശതമാനത്തിലധികം കേസുകളിലും ഇതുണ്ടാകും.
പ്ളൂറ [ശ്വാസകോശത്തെ ആവരണം ചെയ്യുന്ന പാടപോലുള്ള ഭാഗം - ഇവിടെ ക്ഷയരോഗബാധമൂലം പ്ളൂറിസ് എന്ന അവസ്ഥയുണ്ടാകാം]. കേന്ദ്ര നാഡീവ്യൂഹം [ക്ഷയരോഗബാധമൂലമുള്ള മെനിഞ്ചൈറ്റിസ്], ലിംഫാറ്റിക് വ്യവസ്ഥ, പ്രത്യുത്പാദനാവയവവ്യൂഹവും വിസർജ്ജനാവയവ വ്യൂഹവും അസ്ഥികളും സന്ധികളും [നട്ടെല്ലിനെ ബാധിക്കുന്ന പോട്ട്സ് ഡിസീസ് ], എന്നിവിടങ്ങളിലൊക്കെ ക്ഷയരോഗബാധ ഉണ്ടാകാം. അസ്ഥികളെ ബാധിക്കുന്ന ക്ഷയരോഗത്തെ ഓഷ്യസ് ട്യൂബർക്കുലോസിസ് എന്നും വിളിക്കും.
ഇത് ഒരുതരം ഓസ്റ്റിയോ മയലൈറ്റിസ് ആണ്. ക്ഷയരോഗബാധ കാരണമുണ്ടാകുന്ന ഒരു ആബ്സസ് ചിലപ്പോൾ പൊട്ടി തൊലിയുള്ള ഒരു വ്രണമായി കാണപ്പെട്ടേക്കാം. ലിംഫ് ഗ്രന്ഥികളുടെ രോഗാണുബാധ കാരണമുണ്ടാകുന്ന വ്രണങ്ങൾക്ക് വേദനയുണ്ടാവില്ല. മിലിയറി ട്യൂബർക്കുലോസിസ് എന്ന ഒരുതരം രോഗാവസ്ഥയിൽ ക്ഷയരോഗം ശരീരമാകെ പടരും.
ശ്വാസകോശത്തിനു വെളിയിലേക്ക് പടരുന്ന 10 ശതമാനം ക്ഷയരോഗവും മിലിയറി ട്യൂബർക്കുലോസിസ് എന്ന അവസ്ഥയായി മാറും. ക്ഷയരോഗാണു പ്രധാനമായും മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയയുടെ അണുബാധ മൂലം ഉണ്ടാകുന്ന രോഗമാണ് ക്ഷയരോഗം.