അരനൂറ്റാണ്ടുകാലത്തെ കാത്തിരിപ്പിനുശേഷം നിലവിൽ വന്നതെങ്കിലും ലോക്പാൽ പൊതു ജീവിതത്തിന് പ്രത്യാശയും വൻ പോരാട്ട വീര്യവുമാണ് പകർന്നു നൽകുന്നത്. മുൻ സുപ്രീം കോടതി ജഡ്ജി ജ: പിനാകി ചന്ദ്രഘോഷിനെ പ്രഥമ ലോക്പാൽ ചെയർമാനായി ഇന്ത്യൻ ഭരണസംവിധാനം നിയമിച്ചതിനെ തുടർന്ന് അദ്ദേഹം ചുമതലയേറ്റിട്ടുണ്ട്. നാല് നിയമജ്ഞരും, നാല് നോൺ ജുഡിഷ്യൽ അംഗങ്ങളും ബുധനാഴ്ച ലോക്പാൽ അംഗങ്ങളായി ചുമതലയേറ്റതോടെ ഈ അഴിമതിവിരുദ്ധ സംവിധാനം പൂർണമായിരിക്കുകയാണ്. ലോക്പാലിന് അധികാരങ്ങൾ ഒട്ടേറെയുണ്ട്. പ്രധാനമന്ത്രിയും ലോക്പാലിന്റെ കീഴിൽ വരുന്നുണ്ടെന്നുള്ളത് ശ്രദ്ധേയമായ ഒരു നേട്ടം തന്നെയാണ്. പ്രധാനമന്ത്രിക്കെതിരെ അന്വേഷണം നടത്താൻ ലോക്പാലിന്റെ മൂന്നിൽ രണ്ട് അംഗങ്ങളുടെ അനുമതി വേണമെന്ന വ്യവസ്ഥയും നിയമത്തിനുണ്ട്. പൊതുപ്രവർത്തകരുടെ അഴിമതിക്കു കൂച്ചുവിലങ്ങിടാൻ ഈ പുതിയ സംരംഭത്തിനാവുമെന്നത് അതിന്റെ സവിശേഷതയാണ്.
അധികാരം ആരേയും ദുഷിപ്പിക്കും പരമാധികാരം പരമമായും ദുഷിപ്പിക്കും എന്ന ആശയം ലോകത്തോട് പറഞ്ഞത് ആറ്റൺപ്രഭുവായിരുന്നു. അനിയന്ത്രിതമായ അധികാരം ആരേയും ദുഷിപ്പിക്കുമെന്ന സത്യത്തിലേക്കാണ് സ്വതന്ത്ര്യാനന്തര ഇന്ത്യയുടെ രാജനൈതികരംഗം പൊതുവിൽ വിരൽ ചൂണ്ടുന്നത്. അഴിമതിയെ മറ്റെന്തിനെക്കാളും ഉപരിയായി വെറുക്കുകയും അഴിമതിക്കാരനായ സ്വന്തം മകനെപോലും തള്ളിപ്പറയുകയും ചെയ്ത ഒരു രാഷ്ട്ര പിതാവിന്റെ നാടാണ് ഭാരതം. പൊതുജീവിതത്തിലെ അഴിമതി നാടിനെ എങ്ങനെ കാർന്നു തിന്നുമെന്ന് സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രം നമ്മേ പഠിപ്പിക്കുന്നു.
1960 കളിൽ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന കെയറോൺസിംഗിനെതിരെ തെളിയിക്കപ്പെട്ട അഴിമതിയിൽനിന്ന് അദ്ദേഹത്തെ രക്ഷിക്കാൻ പ്രധാനമന്ത്രി നെഹ്റുജി ശ്രമിച്ചപ്പോൾ രൂക്ഷവിമർശനം ഉയർന്നുവന്നിരുന്നു. തന്റെ പേരുപയോഗിച്ച് അഴിമതി നടത്തിയ സ്വന്തം മകനെ ഗാന്ധിജി തള്ളിപ്പറഞ്ഞ് പുറത്താക്കിയ കാര്യം മാധ്യമ പ്രവർത്തകർ നെഹ്റുജിയോട് ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോൾ നെഹ്റുജി പ്രതികരിച്ചത് പഞ്ചാബിലെ വികസന നായകനായ കെയ്റോൺസിംഗിനെ തനിക്ക് കൈയ്യൊഴിയാനാകില്ലെന്നായിരുന്നു. കൂട്ടത്തിൽ മാധ്യമങ്ങൾ ഗാന്ധിജിയുടെ മാതൃക ചൂണ്ടിക്കാട്ടിയപ്പോൾ എല്ലാവർക്കും ഗാന്ധിജിയാവാൻ കഴിയില്ലല്ലോ എന്നായിരുന്നു നെഹ്റുജിയുടെ മറുപടി. അഴിമതിയോട് രാഷ്ട്രീയ നേതൃത്വങ്ങൾ സന്ധി ചെയ്തതാണ് അഴിമതി ഇന്ത്യയിൽ തഴച്ചുവളരാനുള്ള ഒരു കാരണം. വർത്തമാന ഇന്ത്യൻ ഭരണ നേതൃത്വം ഇക്കാര്യത്തിൽ അതീവ ഉത്ക്കണ്ഠയും പ്രതിഷേധവുമുള്ളവരാണ്. അധികാരത്തിന്റെ അകത്തളങ്ങൾ അഴിമതിയുടെ ദുഷിപ്പുകളാൽ വിറങ്ങലിച്ചു നിൽക്കുന്ന അവസ്ഥയിലാണ് 1963 ൽ അന്നത്തെ നിയമമന്ത്രി അശോക് കുമാർസിംഗ് പാർലമെന്റിൽ കോൺസ്റ്റിറ്റ്യൂഷണൽ ഓംബുഡ്സ്മാൻ എന്ന ആശയം അവതരിപ്പിച്ചത്. 1968 ൽ ജൻ ലോക്പാൽ ബിൽ ശുപാർശ ചെയ്യുകയും നാലാം ലോക്സഭ അത് പാസാക്കുകയും ചെയ്തിരുന്നു. രാജ്യസഭയിൽ കടമ്പ കടക്കാൻ കഴിയാതെ പോയ ബിൽ പിന്നീട് കോൾഡ് സ്റ്റോറേജിൽ സ്ഥിരപ്രതിഷ്ഠ നേടി വിശ്രമത്തിലാണ്ടുപോയി. 2011 ൽ ലോക്പാൽ ബിൽ പാസാക്കി രാജ്യസഭയുടെ പച്ചക്കൊടിയോടെ അത് നിയമമാക്കിയ നാടാണ് നമ്മുടേത്. എന്നാൽ അത് നടപ്പാക്കാൻ വീണ്ടും 8 വർഷത്തോളം വേണ്ടിവന്നു എന്നത് രാജ്യത്തിനപമാനകരം തന്നെയാണ്. വൈകിയാണെങ്കിലും ഈ മഹാസംരംഭത്തെ യാഥാർത്ഥ്യമാക്കിയതിൽ നരേന്ദ്രമോദി ഭരണകൂടത്തിനഭിമാനിക്കാം.
ഇന്ത്യയിൽ അഴിമതിക്കെതിരെ പോരാടിയവർ തന്നെ അഴിമതിയുടെ അപ്പോസ്തലൻമാരായി മാറിയ ചരിത്രമുണ്ട്. ലോക്പാൽ ബിൽ പാസാക്കണമെന്നാവശ്യപ്പെട്ട് അണ്ണാഹസാരെയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന അനിശ്ചിതകാല സമരം ഈ രംഗത്തെ നിയമനിർമ്മാണത്തിന് കാതലായ സംഭാവന നൽകിയിട്ടുണ്ട്.
അഴിമതിക്കേസ് സംബന്ധിച്ച പരാതി ലഭിച്ചാൽ സ്വന്തം നിലയിൽ അന്വേഷിച്ച് അതിൽ കഴമ്പുണ്ടോയെന്ന് കണ്ടെത്തുകയാണ് ലോക്പാലിന്റെ നടപടിക്രമം. ബന്ധപ്പെട്ട കേസുകൾ നടത്തുന്നത് പ്രത്യേക കോടതികളിലായിരിക്കും. ആരോപണത്തിന് ശരയീഭവിച്ചവരെ വിചാരണ ചെയ്യാൻ ലോക്പാലിനവകാശമുണ്ട്. ജനപ്രതിനിധികളും കേന്ദ്ര ഉദ്യോഗസ്ഥന്മാരും പ്രധാനമന്ത്രിയും മറ്റും ലോക്പാലിന്റെ പരിധിയിൽ വരുന്നുണ്ട്. പ്രാഥമിക പരിശോധനകളും അന്വേഷണങ്ങളും നടത്താൻ സി.ബി.ഐ.യെപ്പോലെയുള്ള ഏജൻസികളെ ഏൽപ്പിക്കാനും നിയമം ലോക്പാലിന് അധികാരം നൽകുന്നുണ്ട്. അധികാരത്തിന്റെ ശീതളച്ഛായയിൽ അഭിരമിച്ചുകൊണ്ട് ജനങ്ങളെ കൊള്ളയടിക്കുകയും സമൂഹത്തെ ദുഷിപ്പിക്കുകയും ചെയ്യുന്ന പൊതു പ്രവർത്തകർക്ക് കൂച്ചുവിലങ്ങിടാൻ നിലവിൽ വന്ന ലോക്പാൽ വലിയൊരാശ്വാസമാണ്.