scot

ലണ്ടൻ: ലോക പ്രശസ്‌തമായ സ്‌കോട്‌ലൻഡ് യാർഡിന്റെ ലണ്ടനിലെ മുൻ ആസ്ഥാന മന്ദിരം ഇനി പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പിന്റെ സ്വന്തം ആഡംബര ഹോട്ടൽ. ഏകദേശം 1,100 കോടി രൂപ ചെലവഴിച്ച് 2015ലാണ് എം.എ. യൂസഫലി 'ദ ഗ്രേറ്ര് സ്‌കോട്‌ലൻഡ് യാർഡ്" മന്ദിരം വാങ്ങിയത്. തുടർന്ന്, 685 കോടി രൂപ കൂടി ചെലവഴിച്ച് മൂന്നുവർഷം കൊണ്ടാണ് മന്ദിരം പഞ്ചനക്ഷത്ര ഹോട്ടലാക്കി മാറ്റിയത്. ഹോട്ടലിന്റെ പ്രവർത്തനം ജൂലായിൽ ആരംഭിക്കും. ഹയാത് ഗ്രൂപ്പിനാണ് നടത്തിപ്പ് ചുമതല.

ലണ്ടൻ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഹോട്ടൽ, ലുലു ഗ്രൂപ്പിന്റെ അഭിമാന പദ്ധതിയാണെന്ന് എം.എ. യൂസഫലി പറഞ്ഞു.

ലണ്ടന്റെ നിർണായക ചരിത്രമുറങ്ങുന്ന കെട്ടിടത്തിന്റെ ഒരു കല്ല് പോലും അനാവശ്യമായി ഇളക്കിമാറ്രാതെ, പൈതൃകപ്പെരുമ നിലനിറുത്തിയായിരുന്നു നവീകരണം. അതിഥികൾക്ക് അവിസ്‌മരണീയ മുഹൂർത്തങ്ങൾ ഹോട്ടൽ സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന സർ റോബർട്ട് പീൽ ആണ്, ലണ്ടൻ മെട്രോപൊളീറ്റൻ പൊലീസിന്റെ (സ്‌കോട്‌ലൻഡ് യാർഡ്) ആസ്ഥാന മന്ദിരമായി ഈ കെട്ടിടത്തെ മാറ്രിയത്. പിന്നീട് മദ്ധ്യ ലണ്ടനിലെ ന്യൂ സ്‌കോട്‌ലൻഡ് യാർഡ് എന്ന മന്ദിരത്തിലേക്ക് ഓഫീസ് മാറ്റി.

153 മുറികളാണ് ഹോട്ടലിലുള്ളത്. ഒരു രാത്രി ചെലവഴിക്കാൻ വേണ്ടിവരുന്ന തുക 10,000 യൂറോയാണ് (ഏകദേശം എട്ടുലക്ഷം രൂപ). ലണ്ടനിലെ പ്രശസ്‌തമായ ബക്കിംഗ്‌ഹാം കൊട്ടാരം, വെസ്‌റ്ര് മിൻസ്‌റ്റർ ആബി, നെൽസൺസ് കോളം എന്നിവയുടെ നേർക്കാഴ്‌ച ഹോട്ടലിൽ നിന്ന് ആസ്വദിക്കാനാകും. സ്‌കോട്‌ലൻഡ് യാർഡിന്റെ പ്രവർച്ച ചരിത്രം വിളിച്ചോതുന്ന രൂപകല്‌പനയോടെയാണ് മുറികൾ സജ്ജമാക്കിയിരിക്കുന്നതെന്നതും പ്രത്യേകതയാണ്. സ്കോട്‌ലൻഡ് യാർഡ് മന്ദിരം സ്വന്തമാക്കുക വഴി ലണ്ടന്റെ സാംസ്‌കാരിക - ചരിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ലുലു ഗ്രൂപ്പ് അഭിമാനിക്കുന്നുവെന്ന് ലുലു ഗ്രൂപ്പിന്റെ ഹോസ്‌പിറ്രാലിറ്രി വിഭാഗമായ ട്വന്റി 14 ഹോൾഡിംഗ്‌സിന്റെ മാനേജിംഗ് ഡയറക്‌ടർ അദീബ് അഹമ്മദ് പറഞ്ഞു.

₹1,100 കോടി

ലണ്ടനിലെ പ്രശസ്‌തമായ സ്‌കോട്‌ലൻഡ് യാർഡ് മന്ദിരം 2015ലാണ് അബുദാബി ആസ്‌ഥാനമായുള്ള ലുലു ഗ്രൂപ്പ് ഏറ്റെടുത്തത്. തുടർന്ന്, 685 കോടി രൂപ കൂടി ചെലവഴിച്ചാണ് പഞ്ചനക്ഷത്ര ഹോട്ടലാക്കി മാറ്റിയത്.

₹8 ലക്ഷം

മന്ദിരത്തിന്റെ നിർണായക ചരിത്രങ്ങൾ വിളിച്ചോതുന്ന രൂപകല്‌പന നിലനിറുത്തിയാണ് ഹോട്ടൽ നവീകരിച്ചത്. 153 മുറികളുണ്ട്. ഒരു രാത്രി തങ്ങാൻ വേണ്ടിവരുന്ന തുക ഏകദേശം എട്ട് ലക്ഷം രൂപയാണ്.

ഹയാത്തിന് മേൽനോട്ടം

സ്‌കോട്‌ലൻഡ് യാർഡ് ഹോട്ടൽ ജൂലായിൽ പ്രവർത്തനം തുടങ്ങും. ഹയാത്തിനാണ് നടത്തിപ്പ് ചുമതല.

 ഫോട്ടോ:

സ്‌കോട്‌ലൻഡ് യാർഡ് മന്ദിരം

എം.എ. യൂസഫലി

അദീബ് അഹമ്മദ്