modi

ന്യൂഡൽഹി: മിഷൻ ശക്തിയുടെ വിജയത്തിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇച്ഛാശക്തിയാണെന്ന് മുൻ ഡി.ആർ.ഡി.ഒ മേധാവി വി.കെ സാരസ്വത്. ഇക്കാര്യവുമായി മുൻ യു.പി.എ സർക്കാരിനെ സമീപിച്ചപ്പോൾ അവർ തിരിഞ്ഞ് നോക്കിയില്ലെന്നും സാരസ്വത് പറഞ്ഞു. ഉപഗ്രഹവേധ മിസൈൽ സജ്ജമാക്കാനുള്ള കഴിവ് ഇന്ത്യ നേരത്തെ ആർജിച്ചിരുന്നു. എന്നാൽ ഇതിനാവശ്യമായ ഘടകങ്ങങ്ങൾ അനുവദിച്ച് തരാൻ യു.പി.എ സർക്കാർ മുന്നോട്ട് വന്നില്ല,​ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള സമ്മതം പോലും തന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പല പ്രാവശ്യം അനുമതിയുമായി യു.പി.എ സർക്കിരിനെ സമീപിച്ചിരുന്നു. എന്നാൽ അനുമതി നൽകിയിരുന്നില്ല. അതിനുള്ള കാരണം എന്താണെന്ന് അറിയില്ലെന്നും സാരസ്വത് ദേശീയ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. നരേന്ദ്രമോദി പ്രധാനമന്ത്രിയായതിന് ശേഷമാണ് ആ പദ്ധതിക്ക് പിന്തുണ ലഭിച്ചത്. പരീക്ഷണം തുടർന്ന് പോകാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പിന്തുണച്ചെന്നും സാരസ്വത് പറഞ്ഞു.

തിരഞ്ഞെടുപ്പ് അടുത്തത് കൊണ്ടാണ് പരീക്ഷണം നടത്തിയതെന്ന് വാദവും അദ്ദേഹം തള്ളി. ഒരു സമയപരിധിയും മോദി നിർദ്ദേശിച്ചില്ല. എപ്പോഴാണോ പരീക്ഷണത്തിനു തയ്യാറാവുന്നത് അപ്പോൾ പരീക്ഷണം നടത്താമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞെതെന്ന് സാരസ്വത് വ്യക്തമാക്കി. പരീക്ഷണം വിജയിച്ചതോടെ ലോകത്ത് ഉപഗ്രഹ വേധ മിസൈലുള്ള നാലാമത്തെ രാഷ്ട്രമായി ഇന്ത്യ മാറി.