പനാജി: ഗോവയിൽ പ്രമോദ് സാവന്ത് മന്ത്രിസഭയിൽനിന്ന് ഉപമുഖ്യമന്ത്രി സുദിൻ ധവാലികറിനെ പുറത്താക്കി. ധവാലികറിന്റെ കീഴിലുണ്ടായിരുന്ന ഗതാഗതം, പൊതുമരാമത്ത് വകുപ്പിന്റെ ചുമതലകൾ പ്രമോദ് സാവന്ത് ഏറ്റെടുക്കും. എം.ജി.പിയിലെ രണ്ട് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നതോടെയാണ് പാർട്ടി അദ്ധ്യക്ഷനായ സുദിൻ ധവാലികറുടെ സ്ഥാനം തെറിച്ചത്. എം.ജി.പി എം.എൽ.എമാരായ മനോഹർ അജ്‌ഗോൻകർ, ദീപക് പവസ്‌കർ എന്നിവർ ഇന്നലെ പുലർച്ചെ 1.45 ഓടെ ഗോവ നിയസഭാ സ്പീക്കറെ സന്ദർശിച്ച് തങ്ങളുടെ പാർട്ടി ബി.ജെ.പിയിൽ ലയിക്കുകയാണെന്ന് അറിയിച്ച് കത്ത് നൽകുകയായിരുന്നു. എന്നാൽ സുദിൻ ധവാലികർ കത്തിൽ ഒപ്പിട്ടിരുന്നില്ല. മനോഹർ പരീക്കറുടെ മരണത്തിന് ശേഷം പ്രമോദ് സാവന്തിന്റെ നേതൃത്വത്തില്‍ ബി.ജെ.പി പുതിയ സർക്കാർ രൂപീകരിച്ചപ്പോൾ പിന്തുണ പിൻവലിക്കുമെന്ന് ഭീഷണി മുഴക്കിയതിനെ തുടർന്നാണ് സുദിൻ ധവാലികർക്ക് ഉപമുഖ്യമന്ത്രി പദം നൽകിയത്.