china

ബീജിംഗ്: ബഹിരാകാശത്ത് ഇന്ത്യ സമാധാനവും ശാന്തിയും സംരക്ഷിക്കണമെന്ന് ചൈന. ഉപഗ്രഹവേധ മിസൈൽ പരീക്ഷണം ഇന്ത്യ വിജയകരമായി പൂർത്തിയാക്കിയ ''മിഷൻ ശക്തി" യ്ക്ക് പിന്നാലെയായിരുന്നു ചൈനയുടെ പ്രതികരണം. ബഹിരാകാശത്ത് ഇന്ത്യ വെല്ലുവിളി ഉയർത്തുമെന്ന് കരുതുന്നില്ലെന്നും ഓരോ രാജ്യവും ബഹിരാകാശത്ത് സമാധാനവും ഐക്യവും ഉറപ്പാക്കണമെന്നുമാണ് ചൈന വിശദമാക്കിയത്.

ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് പ്രധാനമന്ത്രി മോദിയുടെ മിഷൻ ശക്തി ദൗത്യത്തെക്കുറിച്ചുള്ള പ്രസ്താവനയ്ക്ക് മറുപടിയുമായി എത്തിയത്. ലോകത്ത് ഈ ശേഷി കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഡിആർഡിഒ തദ്ദേശീയമായി വികസിപ്പിച്ച മിസൈലാണ് പരീക്ഷിച്ചത്. ലോകത്ത് റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങൾക്ക് മാത്രമാണ് ഇത്തരം മിസൈലുകൾ ഇതിനുമുമ്പ് ഉണ്ടായിരുന്നത്. 2007 ജനുവരിയിലാണ് ചൈന ഇത്തരം മിസൈൽ പരീക്ഷണം നടത്തിയത്. പ്രവർത്തന രഹിതമായ കാലാവസ്ഥാ ഉപഗ്രഹം തകർത്തുകൊണ്ട് ഉപഗ്രഹ വേധ മിസൈൽ രംഗത്ത് ചൈന ശക്തികാട്ടിയിരുന്നു. 800 കിമീ അകലെയുള്ള ഫെംഗ് യുൻ-1 സി ഉപഗ്രഹമാണ് കെടി-1 റോക്കറ്റ് ഉപയോഗിച്ച് ചൈന തകർത്തത്. 2013ൽ വീണ്ടും ഒരു പരീക്ഷണം കൂടി അവർ നടത്തിയിരുന്നു.