തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ച കൂടി കടുത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ്. കൊടുംചൂടിൽ ഇന്ന് 46 പേർക്ക് സൂര്യാതപവും രണ്ടുപേർക്ക് സൂര്യാഘാതവുമേറ്റു. ചൂടിനെതുടർന്ന് സംസ്ഥാനത്ത് കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്ന് കളക്ടർമാർക്ക് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം നിർദ്ദേശം നൽകി.
പത്തനംതിട്ടയിൽ എട്ട് പേർക്കും കോട്ടയത്ത് ഏഴ് പേർക്കും എറണാകുളത്തും കൊല്ലത്തും അഞ്ച് പേർക്ക് വീതവും മലപ്പുറം, കണ്ണൂർ കാസർകോഡ് എന്നിവിടങ്ങളിൽ രണ്ടുപേർക്ക് വീതവുമാണ് ഇന്ന് സൂര്യാതപമേറ്റത്. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം എറണാകുളം, തൃശൂർ, കൊല്ലം,ഇടുക്കി, പാലക്കാട്, കോഴിക്കോട്, കാസര്‍കോഡ് എന്നിവിടങ്ങളിലായി 46 പേർക്ക് തൊലിപ്പുറത്ത് ചുവന്ന പാടും കുരുക്കളുമുണ്ടായി.
തിരുവനന്തപുരത്താമ് രണ്ടുപേർക്ക് സൂര്യാഘാതമേറ്റത്. പാലക്കാട് മൂന്നാംദിവസവും ചൂട് 41 ഡിഗ്രി സെൽഷ്യസായിതുടരുന്നു. പകർച്ചവ്യാധികൾക്കുള്ള സാദ്ധ്യത ഉണ്ടെന്നും മുന്നറിയിപ്പുണ്ട്.
കുടിവെള്ള ലഭ്യത ഉറപ്പാക്കാനും പകർച്ചവ്യാധി പ്രതിരോധത്തിനും വന്യ മൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നത് തടയാനുമായി മൂന്ന് സമിതികൾ രൂപീകരിക്കാനും യോഗം തീരുമാനിച്ചു.