modi-

ന്യൂഡൽഹി: ഉപഗ്രവേധ മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പകർപ്പ് തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടു. പ്രസംഗത്തിൽ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് കമ്മിഷൻ പകർ‌പ്പ് ആവശ്യപ്പെട്ടത്. സി.പി.എമ്മും തൃണമൂൽ കോൺഗ്രസും നൽകിയ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.

പാകിസ്ഥാനെതിരെ സൈനിക നടപടിയുണ്ടാകുമോ എന്ന് പോലും തോന്നിച്ചിടത്താണ് ബഹിരാകാശ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിച്ചത്. അമേരിക്ക, റഷ്യ, ചൈന എന്നീ സൂപ്പർ പവർ രാജ്യങ്ങൾക്ക് മാത്രം കൈവശമുണ്ടായിരുന്ന സാങ്കേതിക വിദ്യ സ്വന്തമാക്കിയതോടെ പ്രതിരോധ, വികസന രംഗത്ത് ഇന്ത്യ വൻ കുതിച്ചുചാട്ടം നടത്തുമെന്നാണ് മോദി അവകാശപ്പെട്ടത്. ലോകത്ത് ഈ ശേഷി കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. മിഷൻ ശക്തി എന്നാണ് ദൗത്യത്തിന് പേരിട്ടതെന്നും അത് വിജയകരമായെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂന്ന് മിനിറ്റിനുള്ളിൽ ദൗത്യം ലക്ഷ്യം കണ്ടെന്നും ബഹിരാകാശത്തെ ലക്ഷ്യംവച്ച ഉപഗ്രഹത്തിനെ തകർത്തുവെന്നും അദ്ദേഹം പറഞ്ഞു. ഡി.ആർ.ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ച മിസൈലാണ് പരീക്ഷിച്ചത്. ഇതോടെ ഇന്ത്യ ബഹിരാകാശത്തെ വലിയ ശക്തിയായി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്ത് റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങൾക്ക് മാത്രമാണ് ഇത്തരം മിസൈലുകൾ ഉണ്ടായിരുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു നിമിഷമാണ്. കരയിലും കടലിലും ആകാശത്തും മാത്രമല്ല ബഹിരാകാശത്ത് നിന്നുപോലുമുള്ള ആക്രമണങ്ങൾ പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് ഇനിയാകുമെന്നും മോദി വ്യക്തമാക്കിയിരുന്നു.