കേരളകൗമുദിയിൽ മാർച്ച് 27 ന് 'തട്ടിപ്പിനു വേണ്ടി തുറന്നു വയ്ക്കരുത് " എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച മുഖപ്രസംഗമാണ് ഈ കത്തിലേക്ക് നയിച്ചിട്ടുളളത്.
സപ്ലൈകോ രൂപീകരിച്ച അന്നുമുതൽ 2018 വരെയുളള 44 വർഷ കാലയളവിൽ 56 ഡിപ്പോകളിലും അതിന് കീഴിലുളള 1500 ലധികമുളള വില്പനശാലകളിലും ഉണ്ടായിട്ടുളള പരിശോധനകളിലൂടെയും ആഡിറ്റുകളിലൂടെയും കണ്ടെത്തിയിട്ടുളള വ്യത്യാസത്തിന്റെ പിഴ പലിശയും ഉൾപ്പെടുന്ന ആകെ തുകയാണ് 82 കോടി രൂപ. ഇത് ഒരു ചെറിയ കാലയളവിലെ ക്രമക്കേടുകൊണ്ട് സംഭവിച്ചതോ ഏതെങ്കിലും ഒരു അന്വേഷണ സംഘം നടത്തിയ മിന്നൽ പരിശോധനയിലൂടെ കണ്ടെത്തിയതോ അല്ല. ഇത് ജീവനക്കാർ തട്ടിയെടുത്തുവെന്ന പരാമർശം തികച്ചും ശരിയല്ല. മേൽരീതിയിൽ കണ്ട വ്യത്യാസങ്ങളിൽ ഉൾപ്പെട്ടിട്ടുളള ജീവനക്കാർക്ക് ബാദ്ധ്യതയായി നിശ്ചയിച്ച തുക മാത്രമാണിത്. എന്നാൽ ടി ജീവനക്കാർ നൽകുന്ന വിശദീകരണങ്ങളുടെ അടിസ്ഥാനത്തിൽ ഈ തുകയിൽ വ്യത്യാസം വരാവുന്നതാണ്. സപ്ലൈകോ വില്പനശാലകൾ എല്ലാം സ്വന്തം കെട്ടിടങ്ങളിലല്ല പ്രവർത്തിച്ചു വരുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും, സൊസൈറ്റികൾ, സ്വകാര്യ വ്യക്തികൾ എന്നിവരുടെ ഉടമസ്ഥതയിലുളള കെട്ടിടങ്ങളിലാണ് മുഖ്യമായും വില്‍പ്പന ശാലകൾ തുടങ്ങിയിട്ടുളളത്. വിൽപ്പനശാലകളിൽ അറ്റകുറ്റപ്പണികൾ, പെയിന്റിംഗ് തുടങ്ങിയവ ചെയ്യേണ്ടത് കരാർ പ്രകാരം കെട്ടിട ഉടമയാണെങ്കിലും പലപ്പോഴും കാലാനുസൃതമായി ചെയ്യാറില്ല.
നടപ്പുസാമ്പത്തിക വർഷത്തിൽ വില്പനശാലകൾ നവീകരിക്കാനുളള (പദ്ധതി വിഹിതത്തിൽ) പദ്ധതിയിടുകയും 80 ഓളം വില്പനശാലകൾ നവീകരിക്കുകയും ചെയ്തിട്ടുണ്ട്.
ചെയർമാൻ & മാനേജിംഗ്
ഡയറക്ടർ, സപ്ളൈകോ.