കൊച്ചി: ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തെ ലോകോത്തര പെരുമയിലേക്ക് നയിക്കുന്ന കൊച്ചി നോളജ് പാർക്കിൽ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണർ (സൗത്ത് ഇന്ത്യ) ജെറമി പിൽമോർ ബെഡ്‌ഫോർഡ് സന്ദർശനം നടത്തി. ഇൻഫോപാർക്കിനും കൊച്ചി സ്‌മാർട് സിറ്രി പദ്ധതിക്കും സമീപത്തായി കിൻഫ്ര പാർക്കിലാണ് നോളജ് പാർക്ക് സ്ഥിതി ചെയ്യുന്നത്.
നോളജ് പാർക്കിലെ ലോകോത്തര, അത്യാധുനിക സൗകര്യങ്ങളുടെ മികവിൽ യൂറോപ്പ്യൻ രാജ്യങ്ങളിലെ സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും കൊച്ചിയെ തങ്ങളുടെ വിദേശ സെന്ററുകളും ക്യാമ്പസുകളും സ്ഥാപിക്കാനുള്ള 'മികച്ച കേന്ദ്രമായി" തിരഞ്ഞെടുക്കുമെന്ന് ജെറമി പിൽമോർ ബെഡ്‌ഫോർഡ് പറഞ്ഞു. ഇന്ത്യയിലെയും വിദേശത്തെയും മാനേജ്‌മെന്റ് ഇൻസ്‌റ്രിറ്ര്യൂഷനുകൾ, സർവകലാശാലകൾ, റിസർച്ച് സ്ഥാപനങ്ങൾ, എക്‌സിക്യൂട്ടീവ് ട്രെയിനിംഗ് ഇൻസ്‌റ്രിറ്റ്യൂഷനുകൾ എന്നിവയ്ക്ക് അനുയോജ്യമായ വിദ്യാഭ്യാസ ആവശ്യത്തിനുള്ള അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളാണ് നോളജ് പാർക്കിലുള്ളത്.
ദുബായ് ഇന്റർനാഷണൽ അക്കാഡമിക് സിറ്രി, എജ്യൂസിറ്രി ഇസ്‌കന്ദർ (മലേഷ്യ) എന്നിവയിലെ സൗകര്യങ്ങൾക്ക് അനുസൃതമായാണ് കൊച്ചി നോളജ് പാർക്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ഐ.എസ്.ഡി.സിയുടെ നിയന്ത്രിക്കുന്ന ഇന്ത്യൻ സ്‌കൂൾ ഒഫ് കൊമേഴ്‌സ്, ഇന്റർനാഷണൽ സ്‌കൂൾ ഒഫ് ക്രിയേറ്രീവ് ആർട്‌സ് വിദ്യാർത്ഥികളുമായി ജെറമി പിൽമോർ ബെഡ്‌ഫോർഡ് സംവദിച്ചു. ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബ്രിട്ടനിലെ സർവകലാശാലകളും പ്രൊഫഷണൽ സ്ഥാപനങ്ങളും തമ്മിലെ സഹകരണത്തിലൂടെ, ലോക വിദ്യാഭ്യാസ രംഗത്ത് ഇന്ത്യൻ വിദ്യാർത്ഥികളുടെ മത്സരക്ഷമത ഉയർത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു.
സ്‌റ്രാർട്ടപ്പ് സഹകരണത്തിന് ബ്രിട്ടൻ തയ്യാർ
ബ്രിട്ടനിലെ കമ്പനികളുമായി ഇന്ത്യയിലെ സ്റ്റാർട്ടപ്പ് സംരംഭകരെ ബന്ധിപ്പിക്കാൻ തയ്യാറാണെന്ന് ജെറമി പിൽമോർ ബെഡ്ഫോഡ് പറഞ്ഞു. കളമശേരിയിലെ ഇലക്ട്രോണിക് ഹാർഡ്‌വെയർ ഇൻകുബേറ്ററായ മേക്കർ വില്ലേജ് സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടനിലെ ടെക്നോളജി കമ്പനികളുടെ പ്രതിനിധി സംഘം മേയിൽ ഇന്ത്യ സന്ദർശിക്കുന്നുണ്ട്. മേക്കർ വില്ലേജിലെ കമ്പനികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.