ലഖ്‌നൗ: കോൺഗ്രസ് ആവശ്യപ്പെട്ടാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി. ഇതുസംബന്ധിച്ച ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ താത്പര്യമുണ്ടോയെന്ന് മാദ്ധ്യമപ്രവർത്തകൻ ചോദിച്ചത്. എന്തുകൊണ്ട് ഇല്ല എന്നായിരുന്നു ചോദ്യത്തിന് പ്രിയങ്കയുടെ മറുപടി. ചോദ്യം ആവർത്തിച്ചതോടെയാണ്
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസ് ആവശ്യപ്പെട്ടാൽ തീർച്ചയായും മത്സരിക്കുമെന്ന് അവർ നിലപാട് വ്യക്തമാക്കിയത്. കോൺഗ്രസ് ആരെയും കബളിപ്പിക്കില്ല. നൽകിയ വാഗ്ദാനങ്ങൾ കോൺഗ്രസ് നിറവേറ്റിയിട്ടുണ്ട്. കബളിപ്പിക്കുന്നവരാകാം ആരോപണങ്ങൾ ഉന്നയിക്കുന്നത്. കോൺഗ്രസിന്റെ ന്യായ് പദ്ധതിയെ വിമർശിച്ച മായാവതിയ്ക്ക് മറുപടിയായി പ്രിയങ്ക പറഞ്ഞു.