ബീജിംഗ്: ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷിച്ചതിനെ തുടർന്ന് പ്രതികരണമുമായി ചെെന. ബഹിരാകാശത്ത് ലോക രാജ്യങ്ങൾ സമാധാനം പാലിക്കുമെന്നാണ് പ്രതീക്ഷയെന്ന് ചൈന വ്യക്തമാക്കി. ബഹിരാകാശത്ത് ഇന്ത്യ വെല്ലുവിളി ഉയർത്തില്ലെന്ന് കരുതുന്നുവെന്നും ഓരോ രാജ്യവും ബഹിരാകാശത്ത് സമാധാനവും ഐക്യവും പുലർത്തട്ടേയെന്നും ചൈന പ്രതികരിച്ചു.
ഇന്ത്യയുടെ മിസൈൽ പരീക്ഷണത്തെ കുറിച്ച ചോദ്യത്തിനാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം മറുപടി നൽകിയത്. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. മിഷൻ ശക്തി എന്ന് പേരിട്ട ഓപറേഷൻ വിജയകരമാക്കിയ എല്ലാവർക്കും പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി രേഖപ്പെടുത്തി . ഇതിന് മുമ്പ് അമേരിക്ക, ചൈന, റഷ്യ എന്നീ മൂന്ന് രാജ്യങ്ങൾക്കാണ് ഉപഗ്രഹവേധ മിസൈൽ സംവിധാനമുള്ളത്.
ചൈന 2007ലാണ് ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷിച്ചത്. കാലാവസ്ഥ ഉപഗ്രഹത്തെ തകർത്തായിരുന്നു അന്ന് നടത്തിയ പരീക്ഷണം. 2013 ൽ വീണ്ടും ഒരു പരീക്ഷണം കൂടി അവർ നടത്തിയിരുന്നു. അതേ സമയം, ഇന്ത്യയുടെ പരീക്ഷണവുമായി ബന്ധപ്പെട്ട് മറ്റ് ലോക രാജ്യങ്ങളൊന്നും പ്രതികരിച്ചിട്ടില്ല.
ഇതോടെ ഇന്ത്യ ബഹിരാകാശത്തെ വലിയ ശക്തിയായി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു നിമിഷമാണ്. കരയിലും കടലിലും ആകാശത്തും മാത്രമല്ല ബഹിരാകാശത്ത് നിന്നുപോലുമുള്ള ആക്രമണങ്ങൾ പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് ഇനിയാകുമെന്നും മോദി വ്യക്തമാക്കിയിരുന്നു.