logo

തിരുവനന്തപുരം: അതിജീവനത്തിന്റെ സന്ദേശം ചൊല്ലിയുണർന്ന വേദികളിൽ യുവപ്രതിഭകളുടെ പോരാട്ടവീര്യത്തിനാണ് കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​യു​വ​ജ​നോ​ത്സ​വ​ത്തി​ന്റെ​ ​രണ്ടാം ദിനവും ഉത്സവനഗരിയായി മാറിയ കാര്യവട്ടം കാമ്പസ് സാക്ഷ്യം വഹിച്ചത്. ഫലപ്രഖ്യാപനം വന്ന മത്സരയിനങ്ങളിൽ തലസ്ഥാനത്തെ കോളേജുകളിലെ മത്സരാർത്ഥികൾ വിജയികളായതിന്റെ ആവേശവും വേദികളിൽ നിറഞ്ഞു. സദസ് നിറഞ്ഞ് കലയുടെ ഉത്സവത്തിന് പിന്തുണയേകിയ കാണികളും രണ്ടാം ദിനത്തിൽ ആവേശത്തിരയുയർത്തി. ആദ്യ ദിനമായ ചൊവ്വാഴ്ച മണിക്കൂറുകൾ വൈകി ആരംഭിച്ച മത്സരങ്ങൾ ഇന്നലെ പുലർച്ചെ വരെ നീണ്ടു. ഇതിനാൽ ഇന്നലത്തെ മത്സരങ്ങൾ തുടങ്ങാൻ വൈകി. ഉച്ചയ്ക്ക് 12നു ശേഷമാണ് രണ്ടാം ദിവസം വേദികളുണർന്നത്. അതേസമയം മത്സരങ്ങൾ വൈകുന്നത് സംഘാടനത്തിലെ പാളിച്ചകൊണ്ടല്ല മത്സരാർത്ഥികളുടെ എണ്ണം വർദ്ധിക്കുന്നത് കൊണ്ടാണെന്നാണ് സംഘാടകരുടെ ഭാഷ്യം. 38 ഇനങ്ങളാണ് ഇന്നലെ പൂർത്തിയാകേണ്ടിയിരുന്നതെങ്കിലും ഇതിന്റെ പകുതിയോളം മാത്രമാണ് പൂർത്തിയാക്കാനായത്. രാത്രി വൈകിയും മത്സരങ്ങൾ തുടരുകയാണ്. പ്രധാന വേദിയായ ഗോൾഡൻ ജൂബിലി ആഡിറ്റോറിയത്തിൽ തിരുവാതിര മത്സരത്തോടെയാണ് രണ്ടാം ദിനത്തിൽ വേദിയുണർന്നത്. 29 ടീമുകളാണ് തിരുവാതിര മത്സരത്തിൽ പങ്കെടുത്തത്. ഇതോടെ ഉച്ചയ്ക്ക് 12 ന് ആരംഭിച്ച തിരുവാതിര മത്സരം വൈകിട്ട് ആറു വരെ നീണ്ടു. അതിനാൽ പ്രധാന വേദിയിൽ നടക്കേണ്ടിയിരുന്ന മിമിക്രി, മോണോ ആക്ട് മത്സരങ്ങൾ മറ്റൊരുവേദിയിലേക്ക് മാറ്റി.