ബാലുശ്ശേരി: നന്മണ്ട പൊയിൽ താഴത്ത് വീടിനു നേരെ അക്രമം ഉണ്ടായി മണിക്കൂറുകൾ കഴിഞ്ഞ് വീട്ടുടമയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊയിൽതാഴം സ്‌മൈൽ ഏജൻസീസ് ഉടമ രാജേഷ് (38) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് രാജേഷിന്റെ പിതൃസഹോദരനും മകനും ഉൾപ്പെടുന്ന ആറംഗ സംഘം വീട് ആക്രമിച്ചത്. വീടിന്റെ ജനൽ ഗ്ലാസുകളും ടി.വി.ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും വീട്ടുമുറ്റത്ത്കിടന്ന ഓട്ടോയും തകർത്തു. രാജേഷിനെ ആക്രമിക്കുന്നത് തടയാനെത്തിയ അമ്മ സുധയേയും സഹോദരി രജുലയേയും അക്രമികൾ മർദ്ദിച്ചു. സഹോദരിയുടെ കൈക്കുഞ്ഞിനും പരിക്കേറ്റു. ബഹളം കേട്ട് ഓടി കൂടിയ നാട്ടുകാർ അക്രമികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇത് ഞങ്ങളുടെ കുടുംബ കാര്യമാണെന്ന് പറഞ്ഞ് അവരെ പിന്തിരിപ്പിക്കുകയായിരുന്നു.
ഉടൻ തന്നെ രാജേഷിന്റെ അമ്മയേയും സഹോദരിയേയും കുഞ്ഞിനേയും അടുത്തുള്ള വീട്ടിലേക്ക് മാറ്റി. ഇവരെ ബന്ധുക്കൾ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടയിൽ വീട്ടുടമ രാജേഷിനെ കാണാതായി. നാട്ടുകാർ ഇന്നലെ പുലർച്ചെ 3 മണി വരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ വീണ്ടും തിരച്ചിൽ നടത്തിയപ്പോഴാണ് അര കിലോമീറ്റർ അകലെ ആളൊഴിഞ്ഞ പറമ്പിൽ മാവിന്റെ കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കുടുംബ പ്രശ്നങ്ങളാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു. കോഴിക്കോട് തഹസിൽദാർ എൻ.പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനയച്ചു.
രാജേഷിന്റെ പിതാവ് കുടങ്ങോൻ കണ്ടി പരേതനായ ചന്ദ്രൻ.സഹോദരിമാർ: രജിത, രജുല. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു