r-balakrishna-pillai

കൊല്ലം: പ്രസംഗത്തിനിടെ കേരള കോൺഗ്രസ് (ബി) ചെയർമാനും മുന്നാക്ക ക്ഷേമകോർപ്പറേഷൻ ചെയർമാനുമായ ആർ.ബാലകൃഷ്ണ പിള്ളയ്ക്ക് ദേഹാസ്വാസ്ഥ്യം. ഇന്നലെ രാത്രി 8ന് അഞ്ചൽ കോട്ടുക്കലിൽ ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിനിടെയാണ് സംഭവം. അവശത തോന്നിയതിനാൽ പ്രസംഗം ചുരുക്കിയ പിള്ള പിന്നീട് വേദിയിൽ നിന്നു പുറത്തേക്കിറങ്ങാൻ തുടങ്ങിയപ്പോഴാണ് കുഴഞ്ഞുവീണത്. ഒപ്പമുണ്ടായിരുന്നവർ താങ്ങിയെടുത്ത് വാഹനത്തിലാക്കി. അഞ്ചലിനെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാൻ തുടങ്ങിയെങ്കിലും വീട്ടിൽ പോയാൽ മതിയെന്ന് പിള്ള പറഞ്ഞു. പിന്നീട് കൊട്ടാരക്കരയിലെ വസതിയിലെത്തിച്ചു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നു ഡോക്ടർമാരും മറ്റ് ജീവനക്കാരും അടങ്ങുന്ന സംഘം വസതിയിലെത്തി പിള്ളയെ പരിശോധിച്ചു. രക്ത സമ്മർദ്ദത്തിൽ നേരിയ വ്യത്യാസം മാത്രമേ കണ്ടെത്തുവാൻ കഴിഞ്ഞുള്ളു. പൂർണ്ണ വിശ്രമം നിർദ്ദേശിച്ചിരിക്കയാണ്. മകൻ കെ.ബി.ഗണേശ് കുമാർ പി.ഐഷാപോറ്റി എം. എൽ. എ തുടങ്ങിയവരും പ്രവർത്തകരും വസതിയിലെത്തി. സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ ഫോണിൽ വിവരങ്ങൾ തിരക്കി. രാത്രിയും മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.