thushar-

ആലപ്പുഴ: ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി തൃശൂരിലും വൈസ് പ്രസിഡന്റ് പൈലി വാത്തിയാട്ട് വയനാട്ടിലും മത്സരിക്കും. ഇതോടെ ബി.ഡി.ജെ.എസ് മത്സരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളായി.

ഇന്ന് രാവിലെ ഒമ്പതിന് ശിവഗിരി മഹാസമാധിയിൽ പ്രണാമമർപ്പിച്ച് കൊല്ലത്ത് എസ്.എൻ.ഡി.പി യോഗം ക്യാമ്പ് ഹൗസിലുള്ള പിതാവ് വെള്ളാപ്പള്ളി നടേശനെയും അമ്മ പ്രീതി നടേശനെയും കണ്ട് അനുഗ്രഹം വാങ്ങുമെന്ന് തുഷാർ പറഞ്ഞു.കൂടാതെ മാതാ അമൃതാനന്ദമയിയെ കണ്ട് അനുഗ്രഹം വാങ്ങി പന്മന ചട്ടമ്പി സ്വാമി സ്‌മാരകത്തിൽ പുഷ്പാർച്ചനയും നടത്തും. തുടർന്ന് കണിച്ചുകുളങ്ങരയിലെ വീട്ടിൽ തങ്ങും. നാളെ രാവിലെ തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിനു മുന്നിൽ നിന്ന് പ്രചാരണം ആരംഭിക്കും. 'തൃശൂരിൽ ജയിച്ചിരിക്കും. ഒരു സംശയവുമില്ല. തോൽക്കാൻവേണ്ടി അവിടെ പോയി മത്സരിക്കില്ലല്ലോ. എനിക്ക് ഒരുപാട് ബന്ധങ്ങളുള്ള സ്ഥലമാണ് തൃശൂർ. ഇരിങ്ങാലക്കുട സ്കൂളിലാണ് ഞാൻ പഠിച്ചത്. ഒരുപാട് സുഹൃത്തുക്കളുണ്ട്. എസ്.എൻ.ഡി.പി യോഗം, എൻ.എസ്.എസ്, എഴുത്തച്ഛൻ വിഭാഗം തുടങ്ങി എല്ലാവരുമായി നല്ല ബന്ധമാണ്. - തുഷാർ പറഞ്ഞു.