തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിന്റെ ദുരിതം ഒട്ടും കുറയാത്ത ഇന്നലെ ഒരാൾ മരണമടയുകയും 102 പേർക്ക് ശാരീരിക വിഷമതക
ളുണ്ടാവുകയും ചെയ്‌തു. പത്ത് പേർക്ക് സൂര്യാഘാതമേറ്റു. വിവിധ ജില്ലകളിലായി 46 പേർക്ക് സൂര്യതാപമേറ്റു. 56 പേർക്ക് ശരീരത്തിൽ ചൂടേറ്റ പാടുകളുമുണ്ടായി.തിരുവനന്തപുരം, പുനലൂർ, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില.
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ അഞ്ചുവയസുകാരിക്കും ആശുപത്രി ജീവനക്കാരിക്കും സൂര്യാഘാതത്തിൽ പൊള്ളലേറ്റു. കള്ളിക്കാട് ഇടവാൽ വാസന്തി ഭവനിൽ ബിനുവിന്റെ മകൾ ആദിത്യ പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുഖത്ത് പൊള്ളലേറ്റത്. നെയ്യാറ്റിൻകര ജനറൽ ആശുപത്രി ജീവനക്കാരി ആതിര പെരുമ്പഴുതൂരിൽ ബസ് കാത്ത് നിൽക്കുമ്പോൾ പൊള്ളലേൽക്കുകയായിരുന്നു.