കൊല്ലം: ഒാച്ചിറയിൽ തട്ടിക്കൊണ്ടുപോയ പെൺകുട്ടിക്ക് പ്രായപൂർത്തിയില്ലെന്ന് രേഖകൾ വ്യക്തമാക്കുന്നു. സ്കൂൾ രേഖയിൽ പെൺകുട്ടിയുടെ ജനനത്തീയ്യതി 17.09.2001 ആണ്. അതുകൊണ്ട് തന്നെ പ്രതികൾക്കെതിരെ പോക്സോ വകുപ്പ് നിലനിൽക്കും. തട്ടിക്കൊണ്ടു പോയ രാജസ്ഥാൻ സ്വദേശിയായ നാടോടി പെൺകുട്ടിയെ അന്വേഷണ സംഘം മുംബയിൽ കണ്ടെത്തിയത്.
ഒപ്പമുണ്ടായിരുന്ന പ്രധാന പ്രതി ഓച്ചിറ കന്നിട്ട പ്രേം നിവാസിൽ മുഹമ്മദ് റോഷനെയും (19) പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബയ് പൻവേലിന് സമീപത്തെ ചേരിയിലെ വാടക മുറിയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. തങ്ങൾ പ്രണയത്തിലാണെന്നും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചാണ് നാടുവിട്ടതെന്നും ഇരുവരും പൊലീസിനോട് പറഞ്ഞു. പെൺകുട്ടിക്ക് പതിനെട്ട് വയസായെന്ന് പ്രതി മുഹമ്മദ് റോഷൻ പറഞ്ഞിരുന്നു. എന്നാൽ രേഖകൾ വ്യക്തമാക്കുന്നത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നാണ്.
ഈമാസം 18ന് രാത്രി പത്തരയോടെയാണ് മുഹമ്മദ് റോഷന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം വാടക വീട്ടിൽ നിന്ന് കാറിൽ തട്ടിക്കൊണ്ടുപോയത്. എതിർക്കാൻ ശ്രമിച്ച പെൺകുട്ടിയുടെ പിതാവിനെ സംഘം മർദ്ദിക്കുകയും ചെയ്തു.
എറണാകുളം റെയിൽവേ സ്റ്റേഷനിലെത്തിയ ശേഷം മുഹമ്മദ് റോഷൻ പെൺകുട്ടിയുമായി ട്രെയിനിൽ കടക്കുകയായിരുന്നു.