ഓച്ചിറ: രാജസ്ഥാൻ സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾക്കെതിരെ പോക്സോ കുറ്റം ചുമത്തും. പെൺകുട്ടിയുടെ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പി അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചു. രാജസ്ഥാനിലെ പാലി ജില്ലയിലെ ഗവ.സ്കൂളിൽ നിന്നു പെൺകുട്ടിക്ക് ലഭിച്ച ട്രാൻഫർ സർട്ടിഫിക്കറ്റിലാണ് ജനനത്തീയതിയുള്ളത്. ഇതിൽ പെൺകുട്ടി അഞ്ചാംക്ലാസിൽ പഠിക്കുന്നതായും 17-09-2001 ജനനത്തീയതിയാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതു പ്രകാരം പെൺകുട്ടിക്ക് 18 വയസ് തികയാൻ ഇനിയും മാസങ്ങൾ ബാക്കിയുണ്ട്. ജനനത്തീയതി സ്ഥിരീകരിച്ചശേഷം അന്വേഷണവുമായി മുന്നോട്ട് പോകുമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, മുംബയിൽ കണ്ടെത്തിയ പെൺകുട്ടിയേയും യുവാവിനെയും കൊണ്ട് പൊലീസ് റോഡ് മാർഗം ഓച്ചിറയിലേക്ക് യാത്ര ആരംഭിച്ചു. ഇന്ന് വൈകുന്നേരത്തോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ബംഗളൂരുവിൽ എത്തുന്നതിന് മുമ്പായി വാഹനത്തിന്റെ ടയർ പഞ്ചറായതു കാരണം യാത്ര വൈകി.
നവി മുംബയ്ക്ക് സമീപം പനവേലിൽ ചൊവ്വാഴ്ച രാവിലെയാണ് ഓച്ചിറയിൽ നിന്നുപോയ പൊലീസ് സംഘം പെൺകുട്ടിയെയും ഓച്ചിറ മേമന സ്വദേശി മുഹമ്മദ് റോഷനേയും(19) കണ്ടെത്തിയത്. അവിടെ വാടകയ്ക്കു വീടെടുത്ത് താമസിക്കുകയായിരുന്നു ഇരുവരും. സ്വമേധയാ പോയതാണെന്നും ആരും തട്ടിക്കൊണ്ടു പോയതല്ലെന്നും തനിക്ക് റോഷന് ഒപ്പം പോയാൽ മതിയെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞതായി സൂചനയുണ്ട്.
നാല് ദിവസങ്ങൾക്ക് മുമ്പാണ് പെൺകുട്ടിയും യുവാവും മഹാരാഷ്ട്രയിലെത്തിയത്. അവിടെനിന്നും റോഷൻ സുഹൃത്തിനെ വിളിച്ച ഫോൺ കോളുകൾ നിരീക്ഷിച്ച് അവ പിന്തുടർന്നാണ് പൊലീസ് പനവേലിൽ എത്തിയത്.