തിരുവനന്തപുരം: ആലത്തൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ അദ്ധ്യാപിക ദീപ നിശാന്ത് വിമർശിച്ചതിനെതിരെ അനിൽ അക്കര എം.എൽ.എ രംഗത്ത് എത്തിയിരുന്നു. തുടർന്ന് ഫേസ്ബുക്കിലൂടെ ഇരുവരും പരസ്പരം ഏറ്റുമുട്ടിയിരുന്നു. ഫേസ്ബുക്ക് വഴി ഗുരുതര ആരോപണങ്ങൾ പരസ്പരം ഉന്നയിക്കുകയും ദീപ നിശാന്ത് ഇരുവരും തമ്മിലുള്ള ചാറ്റിന്റെ സ്ക്രീൻ ഷോട്ട് പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ ഇരുവരയെും വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ധ്യാപിക ശാരദക്കുട്ടി.
രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ എല്ലാവരിലുമുണ്ടാകും. പക്ഷേ, രഹസ്യസംഭാഷണങ്ങളും സ്വകാര്യ ചാറ്റുമൊക്കെ പരസ്യമാക്കിക്കൊണ്ടുള്ള വിഴുപ്പലക്കൽ ഏതു സാഹചര്യത്തിലായാലും മാന്യമല്ലെന്ന് ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
സൗഹൃദമുള്ള സമയത്തെ ഫോൺ കോളുകൾ, ചാറ്റുകൾ ഒക്കെ സൂക്ഷിച്ചു വെച്ച് സൗഹൃദം നഷ്ടപ്പെടുമ്പോൾ അവയെടുത്തുപയോഗിക്കുന്നത് ഭയപ്പാടുണ്ടാക്കുന്ന തരം സ്വഭാവ വൈകല്യമാണ്. ഗാലറിയിൽ കയ്യടിക്കാൻ ഇരുപക്ഷത്തും ആളുള്ളതു കൊണ്ട് അതൊക്കെ വലിയ പൊതുജനാംഗീകാരമായി കാണേണ്ടതുമില്ല. ഇതൊക്കെ കണ്ട് ലജ്ജയോടെ തല കുനിച്ചിരിക്കുന്ന വേറൊരു വലിയ വിഭാഗവും ഇവിടെയുണ്ട്. രണ്ടു കൂട്ടരുടെയും വിഴുപ്പലക്കലുകൾ കേട്ട് അവർക്ക് മനംപിരട്ടലാണുണ്ടാകുന്നതെന്നും ശാരദക്കുട്ടി കുറിപ്പിൽ പറയുന്നു.
ദീപയുടെ അച്ഛനും റിട്ട. പൊലീസുകാരനുമായ തടത്തിൽ ശങ്കരനാരായണനെ ആദരിക്കുന്ന ചടങ്ങിൽ താൻ ശങ്കരനാരായണന്റെ മകളാണെന്ന കാര്യം വേദിയിൽ പറയരുതെന്ന് ദീപ തന്നെ വിളിച്ച് പറഞ്ഞെന്നായിരുന്നു അനിൽ അക്കര എം.എൽ.എയുടെ ആരോപണം. ദീപ തന്നെ വിളിച്ച് പറഞ്ഞത് കോൾ റെക്കോർഡ് പരിശോധിച്ചാൽ മനസിലാക്കാമെന്നും നാട്ടുകാരെ കേൾപ്പിക്കാത്തത് തന്റെ മാന്യതയെന്നും അനിൽ അക്കര പറഞ്ഞിരുന്നു.
എന്നാൽ അനിൽ അക്കരയുടെത് വ്യാജ പ്രചാരണമെന്നായിരുന്നു ദീപയുടെ മറുപടി. താൻ എഴുതിയ അഞ്ച് പുസ്തകങ്ങളിലും അച്ഛനെ കുറിച്ച് അഭിമാനപൂർവ്വം എഴുതിയിട്ടുള്ള, അദ്ദേഹത്തിന്റെ മകൾ എന്ന നിലയിൽ ഇന്നും പൊലീസ് സമ്മേളനങ്ങളിൽ പോയി സംസാരിക്കുന്ന ' എന്റെ അച്ഛൻ കൊണ്ട വെയിലാണ് ഞാനനുഭവിക്കുന്ന തണൽ എന്ന് അഭിമാനിക്കുന്ന ആളാണ് ഞാനെന്നും ദീപ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ഇതിന് പിന്നാലെ ഇത് തെളിയിക്കുന്ന ഇരുവരും തമ്മിലുള്ള ചാറ്റിന്റെ സ്ക്രീൻ ഷോട്ടും ദീപ പങ്കുവെച്ചിരുന്നു.