തിരുവനന്തപുരം : അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വ്യോമപാതയിൽ തുടർച്ചയായി ഡ്രോണുകളെത്തുന്നത് വൻ സുരക്ഷാ ഭീഷണിയുണ്ടാക്കുന്നു. കോവളം, കഴക്കൂട്ടം ഭാഗത്തെ ലാൻഡിംഗ് പാതയിലാണ് ഡ്രോണുകളെത്തുന്നത്. ഇത് വൻദുരന്തത്തിന് വഴിവച്ചേക്കുമെന്ന് പൊലീസ് പറയുന്നു. ചെറിയ പക്ഷിയുമായി കൂട്ടിയിടിച്ചാൽപ്പോലും വിമാനത്തിന്റെ എൻജിൻ തകരാറിലായി തീപിടിച്ചേക്കാം. ഡിജിറ്റൽ നിയന്ത്രണസംവിധാനവും തകരാറിലാവും. രാത്രികാഴ്ചയുള്ള കാമറകൾ ഘടിപ്പിക്കാവുന്ന ഡ്രോണിന് രണ്ടുകിലോഗ്രാമിലേറെ ഭാരമുണ്ട്.
കോവളം മുതൽ തുമ്പ, കഴക്കൂട്ടം വരെയുള്ള പാതയിലൂടെ ഡ്രോൺ പറത്തുന്നതായാണ് പൊലീസിനുള്ള വിവരം. തിങ്കളാഴ്ച രാത്രി 10.40ന് വ്യോമസേനയുടെ റഡാറിൽ ഡ്രോൺ കണ്ടെത്തിയതിനെത്തുടർന്ന് ശംഖുംമുഖം അസി. കമ്മിഷണർ ആർ. ഇളങ്കോ വിമാനത്താവളത്തിലെ എയർട്രാഫിക് കൺട്രോളിന് ജാഗ്രതാനിർദ്ദേശം നൽകിയിരുന്നു.
വിമാനത്താവളത്തിന്റെ രണ്ട് ലാൻഡിംഗ് പാതകളും വിഴിഞ്ഞം, കഴക്കൂട്ടം ഭാഗങ്ങളിലൂടെയാണ് പോകുന്നത്. ഉയരത്തിലുള്ള നിർമ്മിതികൾ ഗുരുതര സുരക്ഷാപ്രശ്നമാണെന്ന് കണ്ടെത്തിയതോടെ ആൾസെയിന്റ്സ് ഭാഗത്തെ 406 മീറ്റർ റൺവേയിൽ ലാൻഡിംഗ് ഒഴിവാക്കിയിരുന്നു. അതിനാൽ വിഴിഞ്ഞം മുതൽ താഴ്ന്നു പറന്ന് മുട്ടത്തറ ഭാഗത്തുകൂടിയാണ് ഏറ്റവുമധികം ലാൻഡിംഗ്. ഇവിടെയാണ് തുടർച്ചയായി ഡ്രോണുകൾ കാണപ്പെടുന്നത്. ശംഖുംമുഖത്ത് പട്ടം പറത്തുന്നതിനു പോലും നിയന്ത്രണമുണ്ട്.
3373 മീറ്റർ നീളവും 150 അടി വീതിയുമുള്ള തിരുവനന്തപുരത്തെ റൺവേയുടെ രണ്ട് അഗ്രങ്ങളിലൂടെയും വിമാനങ്ങളിറങ്ങുകയും പറന്നുയരുകയും ചെയ്യുന്നുണ്ട്. അറബിക്കടലിൽ നിന്നുള്ള കാറ്റിന്റെ ശക്തിയെ അടിസ്ഥാനമാക്കിയാണിത്. തിരുവനന്തപുരത്ത് നിത്യേന 110 വിമാന നീക്കങ്ങളുണ്ട്. എയർട്രാഫിക് കൺട്രോളിന്റെ നിയന്ത്റണത്തിൽ യാത്രാ-സൈനിക വിമാനങ്ങളടക്കം മുന്നൂറോളം വിമാനങ്ങൾ നിത്യേന കടന്നുപോകുന്നു. ലാൻഡിംഗിനായി ചില സമയങ്ങളിൽ വിമാനങ്ങൾ കാൽമണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറക്കാറുമുണ്ട്. അപകടരഹിതമായ ലാൻഡിംഗിനായി തലസ്ഥാനത്ത് സമുദ്രനിരപ്പിൽ നിന്ന് 27 മീറ്റർ വരെ ഉയരമുള്ള കെട്ടിടങ്ങൾക്കേ എയർപോർട്ട് അതോറിട്ടി അനുമതി നൽകുന്നുള്ളൂ.
നിയമം ഇങ്ങനെ
വിമാനത്താവളങ്ങളുടെ അഞ്ച് കിലോമീറ്റർ പരിധിയിൽ ഡ്രോണുകളുടെ സഞ്ചാരം കുറ്റകരമാണ്. നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് ഡ്രോൺ പറത്തുന്നതിന് നിരോധനമുണ്ട്. ലംഘിക്കുന്നത് എയർക്രാഫ്ട് ആക്ട്പ്രകാരം രണ്ടുവർഷം തടവും 10 ലക്ഷം പിഴയും കിട്ടാവുന്ന കുറ്റമാണ്.
മൂന്നുവർഷം മുമ്പ് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ ബ്രിട്ടീഷ് എയർവേയ്സിൽ ഡ്രോൺ ഇടിച്ചെങ്കിലും ഭാഗ്യം കൊണ്ട് വൻ ദുരന്തം ഒഴിവായി. ഡൽഹി വിമാനത്താവളത്തിലും ഡ്രോണുകളെ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ ഡ്രോണിടിച്ച് മെക്സിക്കൻ എയർലൈൻസിന്റെ ബോയിംഗ് 737വിമാനത്തിന്റെ മുൻവശം ലാൻഡിംഗിനിടെ തകർന്നിരുന്നു.
ഡ്രോൺ നിസാരക്കാരനല്ല
ദുബായിൽ ഇങ്ങനെ
1) വ്യോമപാതയിൽ ഡ്രോൺ പറത്തുന്നവരെ അറസ്റ്റ്ചെയ്യും
2) ഡ്രോൺ പറക്കുന്നത് കണ്ടാൽ വിമാനത്താവളം അടച്ചിടും
3) ലേസർ ഉപയോഗിച്ച് ഡ്രോണുകളെ തകർക്കും, വെടിവച്ചിടും
ഡ്രോൺ കണ്ടതായി വിവരം കിട്ടിയാലുടൻ വിമാനത്താവളത്തിന് ജാഗ്രതാനിർദ്ദേശം നൽകുകയാണ് പതിവ്. സുരക്ഷാകാരണങ്ങളാലാണ് എയർട്രാഫിക് കൺട്രോളിന് തത്സമയം മുന്നറിയിപ്പ് നൽകുന്നത്.
- ആർ. ഇളങ്കോ, അസി. കമ്മിഷണർ, ശംഖുംമുഖം