നേമം: കഴിഞ്ഞ വർഷത്തെ വിഷുവിന് വെള്ളായണി നിലമക്കരി പാടശേഖരത്തെ കർഷകർക്ക് ലാഭകരമായ വിളവ് ലഭിച്ചെങ്കിലും ഈവർഷം പറയാനുള്ളത് നഷ്ടത്തിന്റെ കണക്കുകളാണ്. നീലക്കോഴിയുടെയും കാടത്താറാവിന്റെയും ആക്രമണം ഇത്തവണത്തെ കർഷകരുടെ വിഷുവിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. കൃഷിവകുപ്പിന്റെ സഹായം ഇല്ലാതെതന്നെ കൃഷിയിറക്കാം എന്ന കർഷകരുടെ ആത്മവിശ്വാസമാണ് ഇവിടെ തകർന്നത്. കഴിഞ്ഞവർഷം 20 ഹെക്ടറിലായി ഇറക്കിയ നെൽകൃഷിയിൽ നിന്നു മികച്ച ലാഭമാണ് കർഷകർ സ്വന്തമാക്കിയത്. ഹെക്ടറിന് 30,000 രൂപ എന്ന കണക്കിന് കൃഷി വകുപ്പിൽ നിന്നു സഹായവും ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ കർഷകർക്ക് വകുപ്പിൽ നിന്നു സഹായം ലഭിച്ചില്ല. ഇത് കർഷകരുടെ നഷ്ടത്തിന് ആക്കംകൂട്ടി.
നിലമക്കരിയിലെ 30 ഹെക്ടർ പാടത്ത് കൃഷിയിറക്കിയത് നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ്. വെള്ളായണി കാർഷിക കോളേജിൽ നിന്നു അനുവദിച്ച രണ്ട് ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുന്നതിനിടയിൽ ട്രാക്ടർ ചെളിയിൽ താഴ്ന്നു. ഏറെ പണിപ്പെട്ടാണ് ട്രാക്ടർ ഉയർത്തിയത്. പിന്നെയും ദിവസങ്ങൾ വൈകിയാണ് വിത്തിട്ടത്. വിത്തു മുളച്ചതോടെ അടുത്ത പ്രശ്നങ്ങളും തുടങ്ങി. തളിർത്ത നെല്ലിനെ പകൽ സമയങ്ങളിൽ നീലക്കോഴിയും രാത്രികാലങ്ങളിൽ കാടത്താറാവും ആക്രമിക്കാൻ തുടങ്ങി. കാടത്താറാവുകൾ തളിർത്ത നെല്ലുകളെ വേരോടെ പിഴുതെറിയുകയാണ്. വെള്ളായണി പ്രദേശം പക്ഷി നിരീക്ഷണ കേന്ദ്രമായതിനാൽ കർഷകർക്ക് വെടി പൊട്ടിച്ച് ഇവയെ തുരത്തുവാൻ സാധിക്കില്ല. കടത്താറാവുകൾ പാടശേഖരങ്ങളിൽ കയറാതിരിക്കാൻ പാടത്തിന് ചുറ്റും വല കെട്ടി അവയെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു.
നബാർഡ് അനുവദിച്ച ഫണ്ട് ആശ്വാസമാവും
വെള്ളായണി പാടശേഖരങ്ങൾക്ക് ഗ്രാമീണ അടിസ്ഥാന വികസന ഫണ്ടിന്റെ കീഴിൽ നബാർഡ് അനുവദിച്ച 3.5 കോടി രൂപ മേഖലയ്ക്ക് ആശ്വാസമാകും. ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനത്തിന്റെ ഉദ്ഘാടനം കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ഇന്നലെ ഉദ്ഘാടനം ചെയ്തു. പാടശേഖരങ്ങളിലെ കൈത്തോടുകൾ നവീകരിക്കുക, പുതിയ പമ്പ് ഹൗസുകൾ സ്ഥാപിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഉദ്ദേശിക്കുന്നതെങ്കിലും കർഷകർക്ക് നഷ്ടം സംഭവിക്കാതെ കൃഷിയുമായി മുന്നോട്ടു പോകാനുള്ള പദ്ധതികൾ നടപ്പാക്കണം എന്ന ആവശ്യവും ശക്തമാണ്.
നെൽകൃഷി നടത്താനുള്ള താത്പര്യം കൊണ്ടുമാത്രം പാടത്ത് ഇറങ്ങിയ നിരവധി കർഷകർ ഈ മേഖലയിലുണ്ട്. കൃഷി നഷ്ടമായതോടെ അവർ കാർഷിക മേഖലയിൽ നിന്നു പിൻവലിയും ഇതോടെ അടുത്ത തലമുറയ്ക്ക് കൃഷിയോടുള്ള താത്പര്യവും കുറയും.
ബിജു , നിലമക്കരി പാടശേഖര കമ്മിറ്റി സെക്രട്ടറി