തിരുവനന്തപുരം: അതിജീവനത്തിന്റെ സന്ദേശം ചൊല്ലി ഉണർന്ന വേദികളിൽ യുവ പ്രതിഭകളുടെ പോരാട്ട വീര്യത്തിന്റെ ഊർജ്ജം. പ്രളയ പശ്ചാത്തലത്തിൽ ആഡംബരങ്ങൾ ഒഴിവാക്കിക്കൊണ്ട് സംഘടിപ്പിച്ച കേരള സർവകലാശാല യുവജനോത്സവത്തിനു പക്ഷേ വേദികളിലെ മത്സരവീര്യത്തിൽ കുറവുണ്ടായില്ല. വേദിക്കും പുറത്ത് സംഘാടകരുടെയും വിവിധ ജില്ലകളിൽ നിന്നു വന്ന മത്സരാർത്ഥികളുടെയും സൗഹൃദക്കൂട്ടങ്ങളുടെയും തിരക്കായതോടെ കാര്യവട്ടം കാമ്പസിലെ കലോത്സവ നഗരി ഉത്സവപ്പറമ്പിന്റെ പ്രതീതിയിലായി. 286 കോളേജുകളിൽ നിന്ന് മൂവായിരത്തോളം വിദ്യാർത്ഥികൾ 100 മത്സരയിനങ്ങളിലാണ് മാറ്റുരയ്ക്കുന്നത്.
ആദ്യ ദിവസമായ ചൊവ്വാഴ്ച രാത്രി പത്തിന് ആരംഭിച്ച മത്സരങ്ങൾ പലതും ഏറെ വൈകിയാണ് അവസാനിച്ചത്. മോഹിനിയാട്ടം മത്സരം ഇന്നലെ രാവിലെ അഞ്ചേമുക്കാലിനാണ് പൂർത്തിയായത്. ഇതോടെ രണ്ടാം ദിവസത്തെ മത്സരങ്ങൾ തുടങ്ങാനും വൈകി. ഉച്ചയ്ക്ക് 12 നു ശേഷമാണ് എല്ലാ വേദികളും ഉണർന്നത്. വൈകിത്തുടങ്ങിയെങ്കിലും പിന്നീട് ഇടവേളയില്ലാതെ മത്സരം പുരോഗമിച്ചു. പ്രധാന വേദിയായ ഗോൾഡൻ ജൂബിലി ആഡിറ്റോറിയത്തിൽ (അഭിമന്യു നഗർ) ഗ്ലാമർ ഇനമായ തിരുവാതിര മത്സരത്തോടെയാണ് വേദികളിൽ ആരവമുയർന്നത്. തുടർന്ന് മോണോ ആക്ട്, മിമിക്രി മത്സരങ്ങളും ഒന്നാം വേദിയിൽ നടന്നു. മൂന്നു മത്സരയിനങ്ങളിലും മുഴുവൻ സമയവും ആസ്വാദകരുടെ വലിയ പങ്കാളിത്തം ഉറപ്പാക്കാൻ ഒന്നാം വേദിക്കായി. ബയോ ഇൻഫോമാറ്റിക്സ് ഓപ്പൺ എയർ ആഡിറ്റോറിയത്തിൽ നടന്ന ഭരതനാട്യമായിരുന്നു രണ്ടാം ദിനത്തിലെ മറ്റൊരു പ്രധാന മത്സരയിനം. ഇതേ വേദിയിൽ നടന്ന വൃന്ദവാദ്യം, ഗാനമേള മത്സരങ്ങൾക്ക് ആസ്വാദകർ കൂടി താളം പിടിച്ച് പ്രോത്സാഹിപ്പിച്ചതോടെ വലിയ ഓളത്തിലായി മാറി മത്സരവേദി. മാപ്പിളപ്പാട്ടാണ് മത്സരവീര്യത്താൽ സദസിനെ കൈയിലെടുത്ത രണ്ടാംദിനത്തിലെ മറ്റൊരു ഇനം.
ഫലം പ്രഖ്യാപിച്ച മത്സരങ്ങളിൽ ഭൂരിഭാഗത്തിലും തലസ്ഥാനത്തെ കോളേജുകൾ വിജയികളായതിന്റെ ആവേശത്തിനും വേദികൾ സാക്ഷിയായി. മോഹിനിയാട്ടം, കഥകളി, വീണ, ഗസൽ തുടങ്ങി ഇന്നലെ പകൽ ഫലം പുറത്തുവന്ന മത്സരങ്ങളിലെല്ലം ഒന്നാം സ്ഥാനക്കാർ തലസ്ഥാന നഗരത്തിലെ കോളേജിലെ വിദ്യാർത്ഥികളാണ്. ചില മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ തിരുവനന്തപുരത്തെ കോളേജുകൾക്കാണ്. ഇതോടെ സദസിൽ നിന്ന് വിജയികൾക്കും കോളേജിനും ജയ് വിളികൾ ഉയർന്നു. പോയിന്റ് പട്ടികയിൽ ആദ്യദിവസം തന്നെ സാന്നിദ്ധ്യം ഉറപ്പിക്കാനായ സന്തോഷത്തിലായിരുന്നു ആതിഥേയ ജില്ലയിലെ കലാലയങ്ങളിലെ വിദ്യാർത്ഥികൾ.
ചൂടിൽ ദാഹമകറ്റാൻ വെള്ളം ഫ്രീ
തിരുവനന്തപുരം: കലോത്സവ വേദിയിലെ ചുട്ടുപൊള്ളുന്ന വെയിലിൽ ദാഹിച്ചു വലയുന്നവർക്ക് കുടിവെള്ളത്തിന്റെ ആശ്വാസം പകർന്ന് വിദ്യാർത്ഥികൾ. കേരള സർവകലാശാല യുവജനോത്സവത്തിന്റെ പ്രധാന വേദിയായ കാര്യവട്ടം കാമ്പസിലെ ഗോൾഡൻ ജൂബിലി ആഡിറ്റോറിയത്തിനു മുന്നിലാണ് വിദ്യാർത്ഥിക്കൂട്ടം കുടിവെള്ളം ഒരുക്കിയിട്ടുള്ളത്. മീനച്ചൂടിൽ തളർന്ന് എത്തുന്ന മത്സരാർത്ഥികൾക്കും രക്ഷിതാക്കൾക്കും കാണികൾക്കുമായി ദഹശമനിവെള്ളം സൗജന്യമായാണ് ഇവർ വിതരണം ചെയ്യുന്നത്.
കനത്ത വേനലും സൂര്യാഘാത മുന്നറിയിപ്പും ഉള്ളതിനാലാണ് സംഘാടകരുടെ മനസിൽ കുടിവെള്ളം വിതരണം ചെയ്യണമെന്ന ആശയം മുന്നോട്ടുവന്നത്. കലോത്സവത്തിന്റെ ആദ്യ ദിവസം കാമ്പസിനുള്ളിലെ പ്രത്യേക സ്ഥലങ്ങളിൽ മൺകൂജകളിലാക്കി കുടിവെള്ളം സജ്ജീകരിച്ചിരുന്നു. രാത്രിയിൽ നായ്ക്കളും മറ്റും അതു നശിപ്പിച്ചു. തുടർന്നാണ് പ്രധാന വേദി കേന്ദ്രീകരിച്ച് കുടിവെള്ളം വിതരണം ചെയ്യാൻ തീരുമാനിച്ചത്.
മാപ്പിളപ്പാട്ടിൽ റിയാസിന് ഹാട്രിക്ക്
തിരുവനന്തപുരം: യുവജനോത്സവത്തിൽ മൂന്നാം തവണയും മാപ്പിളപ്പാട്ടിൽ വിജയിയായി കാര്യവട്ടം കാമ്പസിലെ ഗവേഷക വിദ്യാർത്ഥി എ.എച്ച്. റിയാസ്. രസതന്ത്രത്തിൽ ഗവേഷണ തിരക്കുകൾക്ക് ഇടയിൽ വേദിയിലെത്തിയാണ് ഹാട്രിക്ക് വിജയവുമായി മടങ്ങിയത്. മൂന്നാം ക്ലാസ് മുതൽ മാപ്പിളപ്പാട്ട് മത്സരങ്ങളിൽ പങ്കെടുക്കുന്ന റിയാസിന് പാടാൻ പ്രചോദനം ഉമ്മ ഹൈറുന്നീസയാണ്. കാര്യവട്ടം കാമ്പസിൽ എം.ഫിൽ വിദ്യാ ർത്ഥിയായപ്പോൾ സർവകലാശാല യുവജനോത്സവത്തിൽ വിജയിയായ റിയാസ് ഗവേഷകനായപ്പോഴും വിജയം തുടരുകയാണ്. മൊയിൻകുട്ടി വൈദ്യരുടെ ചുറ്റിപ്പട പാടിയാണ് റിയാസ് ഇക്കുറി വിജയിയായത്.