തിരുവനന്തപുരം: മറ്റു മത്സരാർത്ഥികളെല്ലാം പച്ചവേഷത്തിൽ എത്തിയപ്പോൾ രാവണോത്ഭവത്തിലെ രാവണന്റെ കത്തിവേഷം കെട്ടിയാടി പെൺകുട്ടികളുടെ കഥകളി മത്സരത്തിൽശ്രദ്ധേയയായി സുൽത്താന നജീബ്. മത്സരത്തിൽ രണ്ടാംസ്ഥാനം നേടിയ സുൽത്താന തോന്നയ്ക്കൽ എ.ജെ കോളേജിലെ ഒന്നാം വർഷ എം.കോം ഫിനാൻസ് വിദ്യാർത്ഥിനിയാണ്.
മത്സരവിജയം സന്തോഷം നൽകുന്നുണ്ടെങ്കിലും അതുകൊണ്ട് മാത്രം തൃപ്തയല്ല സുൽത്താന. നൃത്തം കേവലം മത്സരത്തിലൊതുക്കാനുള്ളതല്ല എന്ന ചിന്തയാണ് ഇതിനുപിന്നിൽ. പഠനത്തോടൊപ്പം നൃത്തപരിശീലനവും നൃത്ത അദ്ധ്യയനവുമായി മുന്നോട്ടുപോകുന്ന സുൽത്താനയ്ക്ക് അറിയപ്പെടുന്ന നർത്തകിയാകാനാണ് ആഗ്രഹം. ഈ ആഗ്രഹത്തിലേക്കുള്ള ചുവടുവയ്പാണ് സർവകലാശാല യുവജനോത്സവത്തിലെ പ്രാതിനിദ്ധ്യവും. കഥകളിക്കു പുറമേ കേരളനടനം, കുച്ചിപ്പുടി, ഫോക്ക് ഡാൻസ്, സംഘനൃത്തം എന്നിവയിലും സുൽത്താന മത്സരിക്കുന്നുണ്ട്.
ഹൈസ്കൂൾ ക്ലാസ് മുതൽ കഥകളി,ഭരതനാട്യം,മോഹിനിയാട്ടം,കുച്ചിപ്പുടി തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുക്കുന്ന സുൽത്താന ചെറുപ്പം തൊട്ടേ ശാസ്ത്രീയനൃത്തവും കളരിയും പരിശീലിക്കുന്നുണ്ട്. കലാമണ്ഡലം സുദീപിന്റെ കീഴിൽ ഏഴ് വർഷമായി കഥകളി പഠിക്കുന്നു. കളരിയിലേക്കും കഥകളിയിലേക്കും പെൺകുട്ടികൾ കൂടുതലായി കടന്നുവരുന്നില്ലല്ലോ എന്ന തോന്നലാണ് ഇതു പഠിക്കാൻ പ്രേരണയേകിയത്.രൗദ്രഭീമൻ,ദുര്യോധനൻ,ദക്ഷയാഗത്തിലെ ശിവൻ എന്നീ വേഷങ്ങളിലെല്ലാം സുൽത്താന കഥകളി വേദിയിലെത്തിയിട്ടുണ്ട്.രണ്ടുവർഷം മുമ്പ് പിതാവ് മരിച്ചത് സുൽത്താനയ്ക്ക് വലിയ ആഘാതമായി. ജീവിതം നൽകിയ തിരിച്ചടിയിൽ തെല്ലു പതറിയെങ്കിലും തളരാതെ നൃത്തത്തെ കൂടുതൽ ക്രിയാത്മകമായി സമീപിക്കുകയാണ് സുൽത്താന ചെയ്തത്. നൃത്തം തന്നെ മുന്നോട്ടുള്ള വഴിയെന്ന് തീരുമാനിച്ച സുൽത്താന ഒരു വർഷം മുമ്പ് കഴക്കൂട്ടത്ത് ചിലങ്ക എന്ന പേരിൽ ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി. രാവിലെ മുതൽ വൈകിട്ട് വരെ കോളേജിൽ പഠനവും പിന്നീട് ഇൻസ്റ്റിറ്റ്യൂട്ടിൽ നൃത്താദ്ധ്യാപികയുടെ വേഷത്തിലും.ശനിയും ഞായറും മുഴുവൻ സമയവും നൃത്തം പരിശീലിപ്പിക്കുന്നു. ഇതാണ് ഒരു വർഷമായി സുൽത്താനയുടെ പതിവ്. വീട്ടമ്മമാർ ഉൾപ്പെടെ വലിയൊരു ശിഷ്യനിര സുൽത്താനയ്ക്ക് സ്വന്തമാണ്.
നൃത്തത്തെ ശാസ്ത്രീയമായി കൂടുതൽ അറിയാൻ ബംഗളൂരു റെവ യൂണിവേഴ്സിറ്റിയിൽ നിന്ന് കുച്ചിപ്പുടിയിൽ ഡിപ്ലോമയെടുത്തു.ഇപ്പോൾ ഭരതനാട്യം എം.എ കറസ്പോണ്ടൻസ് കോഴ്സും ചെയ്യുന്നു. നൃത്തത്തിനോടുള്ള ഈ അഭിനിവേശത്തിന് പൂർണപിന്തുണയുമായി ഉമ്മ സജിനിയും സഹോദരി റിയാനയും സുൽത്താനയ്ക്കൊപ്പമുണ്ട്.