തിരുവനന്തപുരം: മാലിന്യം നീക്കം ചെയ്യുന്നത് സംബന്ധിച്ച് നഗരസഭയും റെയിൽവേയും പരസ്പരം കൊമ്പ് കോർക്കുമ്പോൾ കൊച്ചുവേളിയും പരിസരവും മാലിന്യത്തിൽ മുങ്ങുന്നു. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെയും മുന്നിലത്തെ റോഡിലെയും മാലിന്യങ്ങൾ നീക്കം ചെയ്യാൻ നഗരസഭാ ജീവനക്കാരുടെ സഹായം ആവശ്യമില്ലെന്ന റെയിൽവേ അധികൃതരുടെ കടുത്ത നിലപാടാണ് പ്രശ്നങ്ങളുടെ തുടക്കം. നഗരസഭാ ജീവനക്കാർ ശരിയായ രീതിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നില്ലെന്നതായിരുന്നു പ്രധാന പരാതി. ഒപ്പം കുന്നുകൂടി കിടന്ന മാലിന്യം ജെ.സി.ബി ഉപയോഗിച്ച് അശ്രദ്ധമായി നീക്കം ചെയ്യുന്നതിനിടെ റെയിൽവേയുടെ ഭൂഗർഭ ലൈനുകളിൽ തകരാറുണ്ടായെന്നും, ഇതിലൂടെ ട്രെയിൻ സർവീസ് നിറുത്തിവയ്ക്കേണ്ട സാഹചര്യമുണ്ടായെന്നും റെയിൽവേ അധികൃതർ പറയുന്നു.
മാലിന്യം നീക്കാൻ വരരുതെന്ന അന്ത്യശാസനം നൽകിയിട്ടും മാലിന്യം കുന്നുകൂടിയതോടെ വീണ്ടും മാലിന്യ നീക്കത്തിനെത്തിയ നഗരസഭാ ജീവനക്കാരെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവം പോലുമുണ്ടായി. നഗരസഭാ ജീവനക്കാർ പ്രദേശത്തേക്ക് തിരിഞ്ഞ് നോക്കാതായതോടെ പ്രദേശം മാലിന്യ മാഫിയയുടെ ഇഷ്ടതാവളമായി മാറി. കോഴി വേസ്റ്റും പ്ലാസ്റ്റിക് മാലിന്യങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് സ്റ്റേഷൻ പരിസരം. വഴിയാത്രക്കാർക്കും ട്രെയിൻ ഇറങ്ങി വരുന്ന യാത്രക്കാർക്കും മൂക്കുപൊത്താതെ ഈ പ്രദേശങ്ങളിലൂടെ കടന്നുപോകാനാകില്ല.
മാലിന്യം കുന്നുകൂടി, കാമറയും സ്ഥാപിച്ചില്ല
ഇറച്ചി – ഹോട്ടൽ മാലിന്യങ്ങൾ മൊത്തമായി എടുത്ത് രാത്രികാലങ്ങളിൽ കടലിലും തീരപ്രദേശത്തും ചില്ലറയായി വിതറുന്ന സംഘങ്ങൾ പ്രദേശത്ത് വ്യാപകമായി മാലിന്യം നിക്ഷേപിക്കാൻ തുടങ്ങി .ഹോട്ടലുകളിൽ നിന്ന് കരാറെടുത്താണ് ഇക്കൂട്ടർ രാത്രി മാലിന്യങ്ങൾ കൊണ്ടുവരുന്നത്. മാലിന്യം ചാക്കിൽ കെട്ടി ഹോട്ടലിന് പുറത്തുവച്ചാൽ മതി. പാതിരാത്രി പെട്ടി ആട്ടോയിൽ വന്ന് ചാക്കുകെട്ടുകൾ എടുത്ത് കൊണ്ടുപോകും. മാസംതോറം പണം കൊടുക്കണം. മാലിന്യം കടലിൽ തള്ളുന്നതും പതിവാണ്. തീരപ്രദേശത്തെ ആളൊഴിഞ്ഞ മേഖലകളിലും ഇറച്ചിമാലിന്യം തള്ളുന്നുണ്ട്. കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ റോഡ്, കഴക്കൂട്ടം പൗണ്ടുകടവ്, സ്റ്റേഷൻകടവ്, മാധവപുരം, ടൈറ്റാനിയം, ആൾസെയിന്റ്സ് കോളജ്, വേളി വിനോദസഞ്ചാര ഗ്രാമം എന്നിവിടങ്ങളിലാണ് ഇപ്പോൾ മാലിന്യം ഉപേക്ഷിക്കുന്നത്.
കടകംപള്ളി സോണൽ ഓഫീസ് അശ്രദ്ധമായി മാലിന്യം നീക്കം ചെയ്ത് ഭൂഗർഭ ലൈനുകൾക്കടക്കം തകരാറുണ്ടാക്കിയ നഗരസഭാ അധികൃതരെക്കൊണ്ട് മാലിന്യം നീക്കം ചെയ്യാൻ കഴിയില്ല.- കൊച്ചുവേളി റെയിൽവേസ്റ്റേഷൻ അധികൃതർ