തിരുവനന്തപുരം: വെയിലിന്റെ ചൂടിൽ നാടും നഗരവും വെന്ത് ഉരുകുമ്പോൾ ബസ് കാത്തുനിൽക്കാനൊരു തണലു തേടേണ്ട അവസ്ഥയാണ് തമ്പാനൂരിലെത്തുന്ന യാത്രക്കാർക്ക്. അഞ്ച് വർഷങ്ങൾക്ക് മുമ്പ് തമ്പാനൂർ ബസ് ടെർമിനൽ നവീകരണവുമായി ബന്ധപ്പെട്ട് ശ്രീകുമാർ തിയേറ്ററിന് സമീപത്തേക്ക് മാറ്റിയ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുന്നവരുടേത് ആരെയും പൊള്ളിക്കുന്ന കഷ്ടപ്പാടാണ്. മലയിൻകീഴ്, ഊരൂട്ടമ്പലം, കാട്ടാക്കട ഭാഗത്തേക്ക് പോകാൻ നൂറ് കണക്കിനാളുകളാണ് ദിവസവും ഈ സ്റ്റോപ്പിനെ ആശ്രയിക്കുന്നത്. ബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിച്ചെങ്കിലും യാത്രക്കാർക്ക് തണലിനായി കയറി നിൽക്കാൻ അഞ്ചുവർഷമായിട്ടും ഒരു കടവരാന്തയുടെ തണലുപോലും അധികൃതർ ഒരുക്കിയിട്ടില്ല.
ബസ് ടെർമിനലിന്റെ നിർമ്മാണം കഴിഞ്ഞ് പല ബസ് സ്റ്റോപ്പുകളും തിരികെ ടെർമിനലിനുള്ളിൽ സ്ഥലം കണ്ടെത്തിയെങ്കിലും പ്രസ്തുത ബസ് സ്റ്റോപ്പിനോട് മാത്രം അവഗണനയായിരുന്നു. ഇതിന്റെ തിക്താനുഭവങ്ങൾ ലഭിക്കുന്നതോ പാവം യാത്രക്കാർക്കും. മഴയാണെങ്കിൽ മഴ. വെയിലാണെങ്കിൽ വെയിൽ. ബസ് സ്റ്റോപ്പ് പ്രവർത്തിക്കുന്നത് റോഡ് ഫണ്ട് ബോർഡിന്റെ ഭൂമിയിലാണെന്നും അതിനാൽ തന്നെ ബസ് ഷെൽട്ടർ നിർമ്മിക്കാൻ ബോർഡ് കനിയണമെന്നുമാണ് നഗരസഭ നൽകുന്ന വിശദീകരണം. അടുത്തൊന്നും ബസ് ഷെൽട്ടർ നിർമ്മിക്കില്ലെന്ന് ചുരുക്കം.
വെയിലിൽ ഇറങ്ങിയാൽ തീയിൽ ഇറങ്ങിയതുപോലെ, ശരീരം പൊള്ളിപ്പോകുന്ന പ്രതീതി. അന്തരീക്ഷ താപനില കുത്തനെയാണ് ഈയിടെയായി ഉയരുന്നത്. 40 ഡിഗ്രി ചൂടെന്നത് കേട്ടുകേൾവി മാത്രമായിരുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇന്നതൊരു പതിവ് സംഗതിയായിരിക്കുന്നു. തണലത്ത് നിന്നാൽപ്പോലും ദേഹത്തേക്ക് അടിച്ചുകയറുന്നത് ചൂട് കാറ്റാണെങ്കിൽ നട്ടുച്ചയ്ക്ക് ഒരു ഇലയുടെ പോലും തണലില്ലാതെ നിൽക്കേണ്ടി വരുന്ന യാത്രക്കാരുടെ കാര്യം കഷ്ടമെന്നല്ലാതെ എന്ത് പറയാൻ. വെയിലേൽക്കരുതെന്ന് ദുരന്തനിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പുണ്ടെങ്കിലും ബസ് കാത്തു നിൽക്കാൻ മറ്റ് എന്ത് വഴിയെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. തമ്പാനൂരിലെയും സ്റ്റാച്യൂവിലേതുമടക്കം നഗരത്തിലെ പല ബസ് സ്റ്റോപ്പുകളുടെയും അവസ്ഥ ഇത് തന്നെയാണ്. പേരിന് ബസ് സ്റ്റോപ്പുണ്ടെങ്കിലും ഇരുപത്തഞ്ച് യാത്രക്കാർക്ക് ഒരുമിച്ച് കയറി നിന്ന് വിശ്രമിക്കാൻ പോലും സ്ഥലമില്ല.
സ്മാർട്ട് ബസ് ഷെൽട്ടർ വരുമോ ഇല്ലയോ!
തലസ്ഥാന നഗരം സ്മാർട്ട് ആകുന്നതോടെ യാത്രക്കാർക്ക് ‘സ്മാർട്ട് ഷെൽട്ടറുകളിൽ’ ബസ് കാത്തിരിക്കാൻ ഒരു കൊല്ലം കൂടി കാത്തിരിക്കേണ്ടിവരും. 2019 ഓടെ നഗരത്തിലെ 35 ബസ് ഷെൽട്ടറുകളാണ് സ്മാർട്ടാക്കാൻ തലസ്ഥാന നഗരസഭ തയ്യാറെടുക്കുന്നത്.
മികച്ച രൂപഭംഗി, ഗുണമേന്മയുള്ള ഇരിപ്പിടങ്ങൾ, വൈഫൈ, എഫ്.എം. റേഡിയോ, മൊബൈൽ ചാർജിംഗ് സംവിധാനം, സമീപത്ത് പൂന്തോട്ടം, പുൽത്തകിടി തുടങ്ങി ഹൈടെക്ക് സജ്ജീകരണങ്ങൾക്കൊപ്പം പരിസ്ഥിതി സൗഹൃദമായ ബസ് ഷെൽട്ടറുകളാണ് സ്ഥാപിക്കുക.
നിലവിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളെ പുനർ നിർമ്മിച്ചാകും ഹൈടെക്ക് സംവിധാനം ഒരുക്കുക. ആവശ്യമുള്ളിടത്ത് പുതിയത് പണികഴിപ്പിക്കും. വ്യത്യസ്തവും പുതുമ നിറഞ്ഞതുമാകും ബസ് ഷെൽട്ടറുകൾ. പരിസ്ഥിതിക്ക് ഒരുവിധത്തിലും കോട്ടം തട്ടാത്ത രീതിയിലാകും നിർമ്മാണം. നിലവാരമുള്ള ടൈൽസാകും നിലത്ത് പാകുന്നത്. ഈ വർഷം ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങാനാകുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ.