കൊച്ചി: മലയാളി പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ മോഹൻലാൽ ചിത്രം 'ലൂസിഫർ' തീയേറ്ററുകളിലെത്തി. വലിയ ആവേശത്തോടെയാണ് ആരാധകർ ചിത്രത്തെ വരവേറ്റത്. യുവനടൻ പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ ആദ്യ ഷോ കാണാനായി നായകനും സംവിധായകനുമുൾപ്പെടെ ലൂസിഫറിന്റെ അണിയറ പ്രവർത്തകരല്ലൊം എറണാകുളം കവിതാ തീയേറ്ററിലെത്തി. മോഹൻലാലും പൃഥ്വിരാജും കുടുംബസമേതമാണ് തീയേറ്ററിലെത്തിയത്. ഇന്നലെ രാത്രി മുതൽ തന്നെ സംസ്ഥാനത്തെ വിവിധ തീയേറ്ററുകളിൽ മോഹൻലാൽ-പൃഥിരാജ് ആരാധകർ ലൂസിഫറിനെ വരവേറ്റു കൊണ്ട് വിവിധ ആഘോഷ പരിപാടികൾ നടത്തിയിരുന്നു.
റിലീസിന് മണിക്കൂറുകൾക്ക് മുൻപ് തന്റെ ആദ്യ സിനിമ അച്ഛൻ സുകുമാരന് സമർപ്പിക്കുന്നതായി പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു. ലോകമെമ്പാടുമുള്ള 3000ൽ അധികം തീയേറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. കേരളത്തിൽ മാത്രം 400ലധികം തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.