school

കരുമാലൂർ: ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ രണ്ടാം ക്ളാസ് വിദ്യാർത്ഥികളെ സ്വകാര്യ സ്കൂൾ മാനേജ്മെന്റ് പരീക്ഷ എഴുതിക്കാതെ ഹാളിന് പുറത്തു നിറുത്തിയതായി പരാതി. ഇതിനിടയിൽ ഒരു കുട്ടി തലകറങ്ങി വീണു. ഇതേതുടർന്ന് സ്കൂളിന് മുമ്പിൽ നാട്ടുകാരുടെ പ്രതിഷേധം. ആലുവ സെറ്റിൽമെന്റ് സ്കൂളിലാണ് മനുഷ്യത്വമില്ലാത്ത നടപടികൾ നടന്നത്. ഇന്നലെ നടന്ന കണക്ക് പരീക്ഷയാണ് സെമിനാരിപ്പടി സ്വദേശികളായ ദമ്പതികളുടെ മകനെയും മറ്റൊരു കുട്ടിയെയും എഴുതാൻ അനുവദിക്കാതെ രണ്ട് മണിക്കൂറോളം പരീക്ഷഹാളിന് പുറത്ത് നിറുത്തിയത്.

രണ്ടാം ക്ളാസുകാരന് പ്രതിമാസം 570 രൂപ സ്കൂൾ ട്യൂഷൻ ഫീസും 400 രൂപ ബസ് ഫീസുമാണ്. ഒരു മാസത്തെ തുക മാത്രമാണ് കുടിശികയുണ്ടായിരുന്നത്. ഇന്ന് പരീക്ഷ അവസാനിക്കുന്നതിന് മുമ്പായി നൽകാമെന്ന് കുട്ടിയുടെ രക്ഷിതാക്കൾ സ്കൂൾ അധികൃതരെ അറിയിച്ചിരുന്നതാണ്. ഇത് ഗൗനിക്കാതെയാണ് പരീക്ഷഹാളിന് പുറത്തുനിർത്തിയത്. ഹാളിന് പുറത്ത് നിൽക്കുന്നതിനിടെ ഒരു കുട്ടി തലകറങ്ങി വീണു. തലവേദയെ തുടർന്ന് പതിവായി കണ്ണട ധരിക്കുന്ന കുട്ടിയാണ് തലകറങ്ങി വീണത്. പരീക്ഷ കഴിഞ്ഞ് സ്കൂൾ ബസിൽ തന്നെ കുട്ടികൾ വീട്ടിലെത്തിയപ്പോഴാണ് രക്ഷിതാക്കൾ വിവരമറിഞ്ഞത്.

തുടർന്ന് തലകറങ്ങി വീണ കുട്ടിയെ രക്ഷിതാക്കൾ ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാരും എൽ.ഡി.എഫ് പ്രവർത്തകരും സ്കൂൾ ഉപരോധിച്ചു. അതേസമയം, കുട്ടികളെ വരാന്തയിൽ നിർത്തിയെന്നും ഒരു കുട്ടി തലകറങ്ങി വീണെന്നുമുള്ള ആക്ഷേപം ശരിയല്ലെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് കവിത മനോജ് പറഞ്ഞു. ഫീസ് അടക്കാത്ത കുട്ടികളെ പരീക്ഷ എഴുതിപ്പിക്കേണ്ടതില്ലെന്ന് മാനേജ്മെന്റ് നിർദ്ദേശിച്ചിരുന്നു.

രണ്ട് കുട്ടികളെയും തനിക്കൊപ്പം എൽ.കെ.ജി ക്ളാസിൽ ഇരുത്തുകയായിരുന്നുവെന്നും ഹെഡ്മിസ്ട്രസ് പറഞ്ഞു. കുട്ടികളെ ഇന്ന് പരീക്ഷ എഴുതിപ്പിക്കും ഫീസ് അടക്കാത്തതിന്റെ പേരിൽ മാറ്റി നിർത്തിയ കുട്ടികളെ ഇന്ന് പരീക്ഷാൻ അനുവദിക്കുമെന്നും ഇന്നലെ പരീക്ഷ എഴുതാൻ അനുവദിക്കാത്ത അദ്ധ്യാപകരെ പരീക്ഷ ചുമതലയിൽ നിന്നും മാറ്റിനിർത്താൻനിർദ്ദേശിച്ചതായും സ്കൂൾ സന്ദർശിച്ച ശേഷം ഡി.ഇ.ഒ പറഞ്ഞു.

ഫീസ് അടച്ചില്ലെങ്കിൽ പരീക്ഷയെഴുതിക്കില്ലെന്ന മുന്നറിപ്പ് സ്‌കൂൾ അധികൃതർ നൽകിയിട്ടില്ലെന്ന് കുട്ടികളുടെ മാതാപിതാക്കൾ. എല്ലാ മാസത്തേയും ഫീസ് അടച്ചതാണെന്നും മാർച്ച് മാസത്തെ മാത്രമാണ് അടയ്ക്കാനുണ്ടായിരുന്നതെന്നും ആലുവ ഗവ. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിദ്യാർത്ഥിയുടെ മാതാപിതാക്കൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.