യുണെെറ്റഡ് നാഷൻസ്: ജെയ്‌ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ പുതിയ പ്രമേയം. യു.എൻ രക്ഷാസമിതിലാണ് അമേരിക്ക വീണ്ടും പ്രമേയം കൊണ്ടുവന്നത്. അതേസമയം, ചൈന വീറ്റോ അധികാരം പ്രയോഗിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. പ്രമേയത്തിന്റെ പേരിൽ ചൈനയ്‌ക്കെതിരെ യു.എസ് രൂക്ഷമായ വിമർശനാണ് ഉയർത്തിയിരിക്കുന്നത്.
മുസ്ലീം വിഭാഗത്തോട് ലജ്ജാകരമായ കാപട്യമാണ് ചൈന നടത്തുന്നതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ആരോപിച്ചു. സ്വന്തം രാജ്യത്ത് ചൈന മുസ്ലീങ്ങളെ അടിച്ചമർത്തുമ്പോൾ മറുഭാഗത്ത് മുസ്ലീം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് മൈക് പോംപിയോ ആരോപിച്ചു. 15 അംഗ രക്ഷാസമിതിയിലേക്ക് ബ്രിട്ടണ്‍, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ പിന്തുണയോടെയാണ് അമേരിക്ക പ്രമേയം കൊണ്ടുവരുന്നത്.
പ്രമേയത്തിന്റെ കരട് ബ്രിട്ടൺ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് യു.എസ് കൈമാറി. എന്നാൽ, പുതിയ നീക്കത്തിനോട് പ്രതികരിക്കാൻ ചൈന തയ്യാറായിട്ടില്ല. രക്ഷാസമിതിയിൽ പ്രമേയം പാസായാൽ മസൂദിന്റെ ലോകമെമ്പാടുമുള്ള ആസ്തികൾ മരവിപ്പിക്കപ്പെടും. യാത്രാ വിലക്ക് ഏർപ്പെടുത്തേണ്ടിവരും. ആയുധങ്ങൾ ശേഖരിക്കാൻ സാധിക്കാതെ വരുമെന്നും നയതന്ത്ര വിദഗ്ദർ പറയുന്നു. ഈ സാധ്യത ചൈനയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.
അൽ ഖ്വയ്ദ എന്ന ആഗോള ഭീകരസംഘടനയുമായുള്ള ബന്ധം വ്യക്തമാക്കിയാണ് അമേരിക്ക മസൂദ് അസറിനെതിരെ പ്രമേയം കൊണ്ടുവന്നത്. പുൽവാമ ഭൂകരാക്രമണത്തിന് പിന്നിൽ മസൂദ് അസർ ആണെന്നും പ്രമേയത്തിൽ പറയുന്നു. അതിനാൽ അൽഖ്വയ്ദ, ഇസ്ലാമിക സ്‌റ്റേറ്റ് ഉപരോധ പട്ടികയിൽ മസൂദ് അസറിനെയും ഉൾപ്പെടുത്തണമെന്നാണ് പ്രമേയം ആവശ്യപ്പെട്ടിരുന്നത്. ചൈന ഒഴികെയുള്ള നാല് സിഥിരാംഗങ്ങളും പ്രമേയത്തിന് അനുകുലമായി നിലപാടെടുക്കുമെന്നാണ് വിവരം.