തിരുവനന്തപുരം: ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാൻ സഹായിച്ചവരെ തിരിച്ചും സഹായിക്കുമെന്ന് പന്തളം രാജകുടുംബം നിർവാഹക സംഘം പ്രസിഡന്റ് ശശികുമാർ വർമ പറഞ്ഞു. എന്നാൽ ബി.ജെ.പിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങില്ല. ശബരിമലയിലെ യുവതീ പ്രവേശനത്തിൽ നിയമനിർമാണത്തിന് കേന്ദ്രം ഇടപെട്ടിരുന്നെങ്കിൽ പരസ്യപിന്തുണ നൽകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശശികുമാര വർമയും പന്തളം കൊട്ടാരവും ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിൽ പിന്തുണ വേണമെന്ന് ബി.ജെ.പി നേതൃത്വം പന്തളം കൊട്ടാരത്തോട് സഹായം അഭ്യർത്ഥിക്കുകയും ചെയ്‌തിരുന്നു. കെ.സുരേന്ദ്രൻ അടക്കമുള്ള ബി.ജെ.പി സ്ഥാനാർത്ഥികൾ പല തവണ കൊട്ടാരത്തിലെത്തി വോട്ട് ചോദിക്കുകയും ചെയ്‌തിരുന്നു. ഇതിനിടയിലാണ് ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ശശികുമാര വർമ തുറന്ന് പറഞ്ഞത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ആർക്കെങ്കിലും വോട്ട് ചെയ്യണമെന്ന് പന്തളം കൊട്ടാരം ആഹ്വാനം ചെയ്യില്ല. പക്ഷേ സഹായിച്ചവരെ തിരിച്ച് സഹായിക്കും. ഹൈന്ദവവിശ്വാസത്തിന്‍റെ ആണിക്കല്ലിളക്കുന്നവരുടെ ആണിക്കല്ലിളക്കാൻ ഞങ്ങളുടെ വോട്ടുകളും സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നും ശബരിമല വിഷയത്തിൽ നിയമപരമായ ഇടപെടലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അങ്ങനെ ഒന്നുണ്ടായില്ല. ഒരുപക്ഷേ കേന്ദ്രം സഹായിച്ചെങ്കിൽ ഇവിടുത്തെ ഭക്തജനങ്ങൾ ബി.ജെ.പിയുടെ കൂടെ നിന്നേനേ. എന്നാലിപ്പോൾ അങ്ങനെയൊരു കാര്യം ആലോചിക്കാനേ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.