nirmala-sitharaman

ന്യൂഡൽഹി: ഉപഗ്രഹവേധ മിസൈൽ പരീക്ഷിക്കാനുള്ള തീരുമാനം 2014ൽ എൻ.ഡി.എ സർക്കാർ അധികാരമേറ്റപ്പോൾ തന്നെ എടുത്തിരുന്നെന്ന് പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. 2014-ൽ മോദി സർക്കാർ അധികാരത്തിലേറി ഏതാനും മാസങ്ങൾക്കകമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്നും ഒരു രാജ്യത്തിനും ഈ സാങ്കേതികവിദ്യ വിൽക്കാനോ കൈമാറാനോ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതിരോധമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മിഷൻ ശക്തി എന്ന് പേരിട്ട ദൗത്യം വിജയകരമായി പൂർത്തീകരിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. ഇത് നമ്മുടെ രാജ്യത്തിന്റെ പ്രധാനനേട്ടമാണ്. ഈ ദൗത്യം വിജയകരമായി പൂർത്തീകരിച്ചതോടെ ഇത്തരം സാങ്കേതികവിദ്യ കൈവശമുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹവേധ മിസൈലിന്റെ സാങ്കേതികവിദ്യ ഒരു രാജ്യത്തുനിന്നും കടമെടുക്കാനോ വാങ്ങാനോ കഴിയില്ല- മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രഖ്യാപനത്തെ വിമർശിച്ചവരെയും പ്രതിരോധമന്ത്രി തള്ളി. പ്രധാനമന്ത്രിയുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്നവർ ഈ നേട്ടത്തിന്റെ പ്രധാന്യം മനസിലാക്കണമെന്ന് നിർമല സീതാരാമൻ പറഞ്ഞു. ബഹിരാകാശമേഖലയുടെ ചുമതലയുള്ള മന്ത്രി പ്രധാനമന്ത്രിയാണ്. അതിനാൽ ബഹിരാകാശ രംഗത്തെ സുപ്രധാനനേട്ടം അദ്ദേഹം രാജ്യത്തെ അറിയിച്ചതിൽ എന്താണ് തെറ്റ് ? രാജ്യം ഇതൊന്നും അറിയേണ്ടേ? - മന്ത്രി ചോദിച്ചു.

പ്രധാനമന്ത്രിയെ വിമർശിക്കുന്നവർ ഇത് ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന നേട്ടമാണെന്ന് മനസിലാക്കണമെന്നും നിർമലാ സീതാരാമൻ കൂട്ടിച്ചേർത്തു. അതേസമയം, ഇത്തരം മിസൈലുകൾ വികസിപ്പിക്കാനുള്ള ശേഷി നേരത്തെ ഇന്ത്യയ്ക്കുണ്ടായിരുന്നു എന്ന വാദവും കേന്ദ്ര പ്രതിരോധമന്ത്രി അംഗീകരിച്ചു. വലുതും ചെറുതുമായ ഒട്ടേറെ ഉപഗ്രഹങ്ങൾ ഇന്ത്യ വികസിപ്പിച്ചിട്ടുണ്ടെന്നും ബഹിരാകാശരംഗത്ത് ധാരാളം നേട്ടങ്ങൾ കൊയ്‌തിട്ടുണ്ടെന്നും ഇതൊന്നും ആരുംനിഷേധിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.