anti-satellite-missile

മിയാമി: കൃത്രിമ ഉപഗ്രഹങ്ങളെ ഭൂമിയിൽ നിന്ന് തകർക്കാൻ കഴിയുന്ന ആന്റി സാറ്റലൈറ്റ് മിസൈൽ പരീക്ഷണത്തിനെതിരെ അമേരിക്കൻ പ്രതിരോധ മന്ത്രാലയം രംഗത്തെത്തി. ബഹിരാകാശത്ത് മാലിന്യങ്ങൾ നിറയുമെന്നതിനാൽ ഇന്ത്യ നടത്തിയത് പോലുള്ള പരീക്ഷണങ്ങൾക്ക് വേറെയാരും മുതിരരുതെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷാനഹാൻ പറഞ്ഞു. ഇന്ത്യയുടെ മിസൈൽ പരീക്ഷണം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ബഹിരാകാശം എല്ലാവർക്കും അവകാശപ്പെട്ടതാണ്. ഇക്കാര്യത്തിൽ ഇന്ത്യ പ്രശ്‌നങ്ങളുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ മറുപടിയുമായി രംഗത്തെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇന്ത്യയുടെ മിസൈൽ പരീക്ഷണത്തിൽ ആർക്കും ആശങ്ക വേണ്ടെന്നും കൂട്ടിച്ചേർത്തു. അന്തരീക്ഷത്തിലെ താഴ്‌ന്ന ഓർബിറ്റിലാണ് പരീക്ഷണം നടത്തിയത്. ആഴ്‌ചകൾക്കുള്ളിൽ ഇവ ഭൂമിയിൽ പതിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ബഹിരാകാശം എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും അവിടെ പ്രശ്‌നങ്ങളുണ്ടാക്കരുതെന്നുമാണ് അമേരിക്കയുടെ സന്ദേശം. എല്ലാവർക്കും ബഹിരാകാശത്ത് സ്വതന്ത്ര്യമായി പ്രവർത്തനങ്ങൾ നടത്താനുള്ള അവകാശമുണ്ട്. ഉപഗ്രഹം തകർത്തതിലൂടെ ഉണ്ടാകുന്ന അവശിഷ്‌ടങ്ങൾ ബഹിരാകാശത്ത് വൻ ഭീഷണിയാണ്. ഈ അവശിഷ്‌ടങ്ങൾ മറ്റ് ഉപഗ്രഹങ്ങളുമായി കൂട്ടിയിടിച്ച് തകരാനുള്ള സാധ്യതയുണ്ട്.ഉപഗ്രഹങ്ങൾ തകർന്നതിലൂടെ ഉണ്ടായ 250 അവശിഷ്‌ടങ്ങൾ അമേരിക്ക സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണ്. ഭൂമിയുടെ ഉപരിതലത്തിൽ ഈ അവശിഷ്‌ടങ്ങൾ എത്തുന്നത് വരെ സൂക്ഷ്‌മ നിരീക്ഷണം തുടരുമെന്നും അമേരിക്കൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ജനുവരിയിൽ പ്രതിരോധ ഗവേഷണത്തിനായി ഇന്ത്യ വിക്ഷേപിച്ച മൈക്രോസാറ്റ് - ആർ എന്ന ഉപഗ്രഹത്തെയാണ് തകർത്തത്. 277 കിലോമീറ്റർ ഉയരത്തിൽ ഭ്രമണം ചെയ്‌ത ഉപഗ്രഹത്തിന് 740 കിലോ ഭാരമുണ്ടായിരുന്നു.

ഇന്നലെ ഒഡിഷയിലെ അബ്ദുൾ കാലാം ദ്വീപിലെ റേഞ്ചിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്.

മണിക്കൂറിൽ 28,000 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിച്ച ഉപഗ്രഹത്തെ മൂന്ന് മിനുട്ടിനുള്ളിൽ തകർത്തു

300കിലോ മീറ്റർ അകലെ പായുന്ന ഒരു വെടിയുണ്ടയിൽ മറ്റൊരു വെടിയുണ്ട കൊള്ളിക്കുന്നത്ര ദുഷ്‌കരമായ ദൗത്യം.

5,000 കിലോമീറ്റർ റേഞ്ചുള്ള ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ അഗ്നി 5 ന്റെ മറ്റൊരു പതിപ്പാണ് ഉപഗ്രഹ നിഗ്രഹത്തിന് ഉപയോഗിച്ചത്.

..

പുതിയ മിസൈലിന് 2000 കിലോമീറ്റർ വരെയുള്ള ലോ എർത്ത് ഓർബിറ്റിലെ ശത്രു ഉപഗ്രഹങ്ങളെ നശിപ്പിക്കാം.