congress-cpm

നാഗർകോവിൽ: ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തതോടെ രാജ്യം മുഴുവനും രാഷ്ട്രീയ പോർ മുറുകുകയാണ്. പല്ലും നഖവും ഉപയോഗിച്ച് പരസ്പരം തമ്മിലടിക്കുന്ന രാഷ്ട്രീയ നേതാക്കന്മാർക്ക് മുന്നിൽ മാതൃകയാവുകയാണ് കന്യാകുമാരിയിലെ രാഷ്ട്രീയ നേതാക്കൾ. തിരഞ്ഞെടുപ്പ് ചൂടിൽ അതിർത്തിക്കപ്പുറത്തെ വ്യത്യസ്തവും കൗതുകവുമായ കാഴ്ചയാണ് കന്യാകുമാരിയിലേത്.

കന്യാകുമാരി ലോക്‌സഭാ മണ്ഡലത്തിൽ 2004 ആവർത്തിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് കോൺഗ്രസും സി.പി.എമ്മും. അന്ന് കോൺഗ്രസും ഡി.എം.കെയും ഉൾപ്പെട്ട മുന്നണി സി.പി.എമ്മിന്റെ ബെല്ലാർമിനെ വിജയിപ്പിച്ച് എംപിയാക്കിയെങ്കിൽ ഇത്തവണ കോൺഗ്രസിലെ എച്ച്.വസന്തകുമാറിനെ ജയിപ്പിക്കാനായി കയ്യും മെയ്യും മറന്നു അധ്വാനിക്കുകയാണ് സി.പി.എം.

കഴിഞ്ഞ ദിവസം വസന്തകുമാർ നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ കന്യാകുമാരി സി.പി.എം ജില്ലാ സെക്രട്ടറി ആർ. ചെല്ലസാമിയും ഒപ്പമുണ്ടായിരുന്നു. 2004ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ എ.വി.ബെല്ലാർമിൻ 4,10,091 വോട്ടുകൾ നേടിയാണ് വിജയിച്ചത് എതിർ സ്ഥാനാർഥി എ.ഐ.എഡി.എം.കെ സഖ്യത്തിന്റെ പിന്തുണയിൽ മത്സരിച്ച ബി.ജെ.പിയിലെ പൊൻരാധാകൃഷ്ണൻ 2,45,797 വോട്ടുകളാണ് നേടിയത്.

അ‌ടുത്ത തിരഞ്ഞെടുപ്പിൽ ഡി.എം.കെയിലെ ഹെലൻ ഡേവിഡ്സണായിരുന്നു വിജയം കോൺഗ്രസിന്റെ കോട്ടയെന്നു വിശേഷിപ്പിച്ചിരുന്ന കന്യാകുമാരിയിൽ 2014ലെ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കുള്ള മൽസരത്തിലാണ് ബി.ജെ.പിയിലെ പൊൻരാധാകൃഷ്ണൻ വിജയിച്ചതും കേന്ദ്രമന്ത്രിയായതും. ഇത്തവണയും പൊൻ രാധാകൃഷ്ണൻ തന്നെയാണ് ഇവിടെ ബി.ജെ.പി സ്ഥാനാർഥി.