new-born

ധാക്ക: ആദ്യ പ്രസവം കഴിഞ്ഞ് ഒരു മാസം തികയും മുൻപ്‌ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി ബംഗ്ലാദേശി യുവതി. ആരിഫ സുൽത്താനയെന്ന ഇരുപതുകാരിയാണ് തികച്ചും അസാധാരണമായി വൈദ്യലോകത്തെ ഞെട്ടിച്ച് പ്രസവിച്ചത്. കഴിഞ്ഞമാസം അവസാനം സുൽത്താന ആൺകുട്ടിയെ പ്രസവിച്ചിരുന്നു. മാസം തികയാതെയാണ് ആദ്യകുഞ്ഞിനു ജന്മം നൽകിയത്. എന്നാൽ,​ രണ്ടാമതൊരു ഗർഭപാത്രത്തിന്റെ സാന്നിധ്യം ഡോക്ടർമാർ ഉൾപ്പെടെ ആർക്കും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

ആദ്യ പ്രസവത്തിനുശേഷം വീട്ടിലേക്കു മടങ്ങിയ സുൽത്താന വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്‌ 26 ദിവസങ്ങൾക്കുശേഷം വീണ്ടും മറ്റൊരു ആശുപത്രിയിലെത്തി. തുടർന്നുള്ള പരിശോധനയിലാണ് രണ്ടാം ഗർഭപാത്രത്തിൽ ഇരട്ടക്കുട്ടികളുണ്ടെന്ന് തിരിച്ചറിയുന്നത്. പിന്നീട് ആരിഫ മറ്റൊരു ആൺകുട്ടിക്കും പെൺകുട്ടിക്കും ജന്മം നൽകിയെന്ന് ഗൈനക്കോളജിസ്റ്റ് ഷീല പോഡാർ പറഞ്ഞു. സിസേറിയനിലൂടെയാണ് ഇരട്ടക്കുട്ടികളെ പുറത്തെടുത്തത്. അമ്മയും മൂന്നു മക്കളും സുഖമായിരിക്കുന്നു. ആദ്യപ്രസവത്തിനു മുമ്പ് സ്‌കാനിംഗ് നടത്താത്തതു കൊണ്ടാവാം രണ്ടാം ഗർഭപാത്രം കണ്ടെത്താൻ കഴിയാതിരുന്നതെന്നു ഡോക്ടർമാർ പറയുന്നു.

മൂന്നു കുട്ടികളുണ്ടായതിൽ താൻ സന്തോഷവതിയാണെന്നും ഇവരെ എങ്ങനെ വളർത്തുമെന്നതിൽ ആശങ്കയുണ്ടെന്നും സുൽത്താന പറഞ്ഞു. 6000 ടാക്ക (4,905 ഇന്ത്യൻ രൂപ)യാണ് ഭർത്താവിന്റെ മാസശമ്പളം. ഇത്രയും ചെറിയ തുകയ്‌ക്ക് വലിയ ഉത്തരവാദിത്തം എങ്ങനെ നിർവഹിക്കുമെന്ന് അറിയില്ലെന്നും സുൽത്താന പറഞ്ഞു. എന്നാൽ, കുട്ടികളെ സന്തോഷത്തോടെ വളർത്തുമെന്നും പിതാവ് സുമൻ ബിശ്വാസ് പറഞ്ഞു.