ochira

കൊല്ലം: തട്ടിക്കൊണ്ടുപോയ രാജസ്ഥാൻ സ്വദേശിനിയായ പെൺകുട്ടിയെയും മുഖ്യപ്രതി ഓച്ചിറ മേമന സ്വദേശി മുഹമ്മദ് റോഷനെയും ഇന്ന് ഉച്ചയ്ക്ക് പൊലീസ് ഓച്ചിറയിലെത്തിക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകിട്ട് മൂന്നോടെ റോഷനെ കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കും. നേരത്തെ പിടിയിലായ മൂന്നുപേരെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു. നാലുപേർക്കുമെതിരെ പോക്സോ ഉൾപ്പെടെ നിലനിൽക്കുന്നതിനാൽ ജാമ്യം ലഭിക്കില്ല.

അതേസമയം പെൺകുട്ടിയെ വനിതാ സി.ഐയുടെ നേതൃത്വത്തിൽ മൊഴി രേഖപ്പെടുത്തിയ ശേഷം ചൈൽഡ് ലൈന് കൈമാറും. പെൺകുട്ടിക്ക് പതിനെട്ട് വയസ് തികഞ്ഞിട്ടില്ലെന്ന് അന്വേഷണ സംഘത്തിന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. രക്ഷിതാക്കൾ നൽകിയ സ്കൂൾ സർട്ടിഫിക്കറ്റിന്റെ പകർപ്പ് വിശ്വാസത്തിലെടുത്താണ് പോക്സോ നിലനിർത്താൻ അന്വേഷണ സംഘം തീരുമാനിച്ചത്. സർട്ടിഫിക്കറ്റിന്റെ ആധികാരികത സംബന്ധിച്ച് കുട്ടി പഠിച്ച സ്കൂളിൽ നിന്ന് രേഖകൾ ശേഖരിക്കും. തനിക്ക് പതിനെട്ട് വയസ് തികഞ്ഞെന്നും വർഷങ്ങളായി റോഷനുമായി പ്രണയത്തിലായിരുന്നുവെന്നും പെൺകുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.

അതിനിടെ പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്നതിനായി മാതാപിതാക്കൾ ഹാജരാക്കിയ രേഖകൾ വ്യാജമാണെന്ന് കാട്ടി പ്രതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. യഥാർത്ഥ പ്രായം തെളിയിക്കുന്ന ആധാർ കാർഡ് മാതാപിതാക്കൾ ഒളിപ്പിച്ചതായും ഇവർ പരാതിയിൽ ആരോപിക്കുന്നു.

എന്നാൽ രക്ഷിതാക്കൾ ഹാജരാക്കിയ സ്കൂൾ സർട്ടിഫിക്കറ്റിന്റെ പകർപ്പിൽ 2001 സെപ്തംബർ 17ന് ജനിച്ചെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നവി മുംബയ്ക്ക് സമീപം പനവേലിൽ നിന്ന് ചൊവ്വാഴ്ച രാവിലെയാണ് ഓച്ചിറയിൽ നിന്നുപോയ പൊലീസ് സംഘം പെൺകുട്ടിയെയും മുഹമ്മദ് റോഷനെയും കണ്ടെത്തിയത്. അവിടെ വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു ഇരുവരും. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചായിരുന്നു മുഹമ്മദ് റോഷനും സംഘവും പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത്. ഇതിന്റെ അടിസ്ഥാനത്തിൽ സംഭവ ദിവസം പെൺകുട്ടി വയറുവേദന അഭിനയിച്ചു. വേദന അസഹനീയമായതിനാൽ ആശുപത്രിയിൽ പോകണമെന്ന് വാശിപിടിച്ചു. വീടിന് പുറത്ത് കാറുമായി കാത്തുനിന്ന റോഷനും സംഘവും പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാമെന്നേറ്റു. അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കാണ് പോയത്. ആശുപത്രിക്ക് മുന്നിലെത്തിയതും അമ്മയെ കാറിൽ നിന്ന് പുറത്തേക്ക് പിടിച്ചുതള്ളുകയും പെൺകുട്ടിയെയും കൊണ്ട് കാർ വിട്ടുപോവുകയുമായിരുന്നു.

സംഭവം ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളിലും വ്യക്തമാണ്. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനും ഇത് സംബന്ധിച്ച് പൊലീസിന് മൊഴി നൽകി. തന്റെ പിതാവിന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മറ്റ് കേസുകളിൽ നിന്ന് രക്ഷപ്പെടുത്താമെന്ന റോഷന്റെ നിർദ്ദേശം അനുസരിച്ചാണ് താൻ സംഘത്തിൽ ചേർന്നതെന്ന് കസ്റ്റഡിയിലുള്ള പ്യാരി അന്വേഷണ സംഘത്തിന് മൊഴി നൽകി. റോഷന്റെ സുഹൃത്തായ കൊറ്റമ്പള്ളി സ്വദേശിയുടെ സഹായത്തോടെയാണ് കാർ വാടകയ്ക്ക് എടുത്തത്.

ടയർ പഞ്ചറായി, യാത്ര വൈകി

മുംബയിൽ കണ്ടെത്തിയ പെൺകുട്ടിയെയും യുവാവിനെയും കസ്റ്റഡിയിലെടുത്ത പൊലീസ് സംഘം റോഡ് മാർഗമാണ് ഓച്ചിറയിലേക്ക് വരുന്നത്. ചൊവ്വാഴ്ച രാവിലെ പൻവേലിലെ ചേരിയിലുള്ള വാടക വീട്ടിൽ നിന്ന് ഇരുവരെയും കസ്റ്റഡിയിൽ എടുത്തതാണ്. അന്നുതന്നെ ഇവിടേക്ക് തിരിച്ചിരുന്നു. മുംബയ് - ബംഗളുരു ദേശീയപാതയിൽ വച്ച് വാഹനത്തിന്റെ ടയർ പഞ്ചറായത് കാരണം രണ്ട് മണിക്കൂറോളം യാത്ര വൈകി.