police

എരുമേലി: വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാതന്റെ മൃതദേഹം താഴെയിറക്കാനായി 5000രൂപ ആവശ്യപ്പെട്ടതിനെ തുടർന്ന് സ്ഥലം എസ്.ഐ മരത്തിൽ കയറി മൃതദേഹം താഴെയിറക്കി. എരുമേലി കനകപ്പലം വനത്തിൽ ഇന്നലെ ഉച്ചയോടെയാണ് പുരുഷനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എരുമേലി വെച്ചൂച്ചിറ പ്ലാന്റേഷനിലാണ് മൃതദേഹം കണ്ടെത്തിയത്.

രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു. തുടർന്ന് മൃതദേഹം താഴെയിറക്കാനായി പൊലീസ് നാട്ടുകാരോട് സഹായം അഭ്യർത്ഥിച്ചെങ്കിലും ആരും തയ്യാറായില്ല. എല്ലാവരും ദുർഗന്ധത്തെ തുടർന്ന് മൂക്കുപൊത്തി മാറി നിൽക്കുകയാണ് ചെയ്തത്. ഇതിനിടെ മൃതദേഹം താഴെയിറക്കാൻ സഹായിക്കാമെന്ന് പറഞ്ഞു ഒരാൾ രംഗത്തെത്തിയെങ്കിലും 5000രൂപയാണ് പ്രതിഫലമായി ആവശ്യപ്പെട്ടത്.

തുടർന്ന് സ്ഥലം എസ്.ഐ ഇ.ജി വിദ്യാധരൻ ഷൂസ് അഴിച്ചുവച്ച് 40ഇഞ്ചോളം വണ്ണമുള്ള മരത്തിൽ കയറുകയായിരുന്നു. 15അടി ഉയരത്തിൽ നിന്ന മൃതദേഹത്തിന്റെ കെട്ടഴിച്ച് സാവധാനം മൃതദേഹം താഴെയിറക്കുകയും തുടർന്നുള്ള പരിശോധനകൾ നടത്തുകയും ചെയ്തു. എസ്.ഐയും സി.ഐ ദിലീപ് ഖാനും ഉൾപ്പെടുന്ന പൊലീസുകാരും ഒരു നാട്ടുകാരനും ചേർന്നാണ് മൃദേഹം കാട്ടുവള്ളി ഉപയോഗിച്ച് ഉയർത്താനും സഹായിച്ചത്.