ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമേത്തിക്ക് പുറമെ വയനാട്ടിൽ നിന്ന് കൂടി മത്സരിക്കുന്നതിൽ നിന്നും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്. തിരഞ്ഞെടുപ്പിലെ മുഖ്യ എതിരാളിയായ ബി.ജെ.പിക്ക് വലിയ സ്വാധീനമില്ലാത്ത കേരളത്തിൽ മത്സരിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് അദ്ദേഹത്തിന്റെ പിന്മാറ്റമെന്നാണ് വിവരം. മതേതര മുന്നണിയിൽ സഖ്യകക്ഷിയായ ഇടതുപാർട്ടികൾക്കെതിരെ മത്സരിക്കുന്നത് ശരിയല്ലെന്ന് യു.പി.എയിലെ വിവിധ ഘടകക്ഷികൾ രാഹുലിനെ ധരിപ്പിച്ചിട്ടുണ്ട്. എൻ.സി.പി നേതാവ് ശരത് പവാർ നിരവധി തവണ ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുലിനെ കണ്ടതായാണ് വിവരം. വയനാട് അല്ലെങ്കിൽ സുരക്ഷിത മണ്ഡലമെന്ന നിലയിൽ കർണാടകയിൽ നിന്ന് മത്സരിച്ചേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. എൻ.സി.പിക്കും കോൺഗ്രസിനും ജെ.ഡി.എസിനും സ്വാധീനമുള്ള ഒരു മണ്ഡലമാകും പരിഗണിക്കുക.
അതേസമയം, വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയായില്ലെങ്കിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ധീഖോ മത്സരിച്ചേക്കുമെന്നാണ് വിവരം. രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി ഉമ്മൻ ചാണ്ടിയുടെ മലക്കം മറിയുകയും ചെയ്‌തു . രാഹുൽ ഗാന്ധി മത്സരിക്കണമെന്ന് തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും ആവശ്യമുയർന്നിട്ടുണ്ട്. കേരളത്തിൽ നിന്നും മത്സരിക്കണമെന്ന ആവശ്യം താൻ ഉന്നയിക്കുക മാത്രമാണ് ചെയ്തത്. മത്സരിക്കുമോ എന്ന സൂചന നൽകാൻ രാഹുൽഗാന്ധിക്ക് മാത്രമേ കഴിയൂ. എന്നാൽ ഇതുവരെ ഇക്കാര്യത്തിൽ അദ്ദേഹം ഒരു നിലപാടും കൈക്കൊണ്ടിട്ടില്ല. വയനാട്ടിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ച ഹൈക്കമാൻഡ് ഉടൻ തീരുമാനമെടുക്കുമെന്ന് പറഞ്ഞ ഉമ്മൻചാണ്ടി രാഹുൽ വയനാട്ടിൽ മത്സരിക്കാനെത്തുമെന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പികുക കൂടി ചെയ്തു.
അതേസമയം വയനാട്ടിലെ സ്ഥാനാർഥിത്വത്തെക്കുറിച്ചുള്ള അനിശ്ചിതാവസ്ഥ കോൺഗ്രസിലും യു.ഡി.എഫ് ഘടകകക്ഷികളിലും മുറുമുറുപ്പുളവാക്കിയിരിക്കുകയാണ്. രാഹുൽ ഗാന്ധി മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം വരാതെ എന്തിനാണ് സിദ്ദിഖിനെ പ്രചാരണ രംഗത്തുനിന്ന് മാറ്രിയതെന്നാണ് ചിലരുടെ ചോദ്യം. അതേസമയം ഹൈക്കമാൻഡോ കെ.പി.സി.സിയോ പ്രഖ്യാപിക്കാതെ സിദ്ദിഖിനെ പ്രചാരണത്തിനിറക്കിയതിനെയും ചിലർ വിമർശിക്കുന്നുണ്ട്. രാഹുൽ മത്സരിക്കാനില്ലെങ്കിൽ സ്ഥാനാർത്ഥി സിദ്ദിഖ് തന്നെയാകുമോ എന്ന കാര്യത്തിലും കോൺഗ്രസ് നേതൃത്വം ഉറപ്പുനൽകുന്നില്ല. രാഹുൽ വന്നാൽ അത് മറ്ര് മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയസാദ്ധ്യത കൂട്ടുമെന്നായിരുന്നു യു.ഡി.എഫ് കണക്കുകൂട്ടൽ. എന്നാൽ, ഇതുവരെ രാഹുൽ തന്റെ മനസ് തുറന്നിട്ടില്ല.