ന്യൂഡൽഹി: ഭീകരവാദത്തിനെതിരെ ഇന്ത്യ നിലപാട് കടുപ്പിച്ചതിന് പിന്നാലെ പാകിസ്ഥാനിലുള്ള നാലോളം ഭീകരക്യാമ്പുകൾ അടിയന്തരമായി അടപ്പിച്ചതായി റിപ്പോർട്ട്. ഇന്ത്യൻ സൈന്യത്തിന്റെ കനത്ത പ്രത്യാക്രമണം ഇനിയും ഉണ്ടാകാൻ ഇടയുണ്ടെന്ന സൂചനകൾക്ക് പിന്നാലെ പാക് സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ് ക്യാമ്പുകൾ അടച്ചുപൂട്ടിയതെന്നാണ് വിവരം. പാക് അധീന കാശ്‌മീരിലെ നിക്യാലിൽ കഴിഞ്ഞ മാർച്ച് 16ന് പാക് രഹസ്യാന്വേഷണ ഏജൻസിയുടെയും തീവ്രവാദ സംഘടനയായ ലെഷ്‌കറെ ത്വയിബയുടെയും ഉന്നത വൃത്തങ്ങൾ യോഗം ചേർന്നതായി ഇന്ത്യക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ അതിർത്തിയോട് ചേർന്ന തീവ്രവാദ ക്യാമ്പുകൾ അടിയന്തരമായി അടച്ചുപൂട്ടാൻ ഈ യോഗത്തിൽ നിർദ്ദേശം നൽകിയതായും രഹസ്യാന്വേഷണ ഏജൻസികക്ക് വിവരം ലഭിച്ചു. ഇനി ഇന്ത്യയ്‌ക്കെതിരെ വെടിനിറുത്തൽ ലംഘനം നടത്തിയാൽ വൻ തിരിച്ചടിയായിരിക്കും ഫലമെന്ന് യോഗത്തിൽ അഭിപ്രായം ഉയരുകയും ചെയ്‌തു.
ഇതിന് പിന്നാലെയാണ് നിക്യാലിലെയും കൊട്‌ലിലെയും ഭീകരക്യാമ്പുകളും ഓഫീസുകളും അടച്ചുപൂട്ടിയത്. ലഷ്‌കർ തീവ്രവാദി നേതാവ് അഷ്ഫഖ് ബാരാൽ നേരിട്ട് നടത്തിയിരുന്ന നാല് ഭീകരക്യാമ്പുകൾ അടച്ചുപൂട്ടിയതായി ഇവിടുത്തെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണ് വിവരം നൽകിയത്. ഹിസ്ബുൽ മുജാഹിദ്ദീൻ തീവ്രവാദികളുടെ നേതൃത്വത്തിലുള്ള രണ്ട് ഭീകരക്യാമ്പുകൾ നിറുത്തിയതായും വിവരമുണ്ട്.
അതേസമയം, ഫെബ്രുവരി 14ലെ പുൽവാമ ആക്രമണത്തിന് ശേഷം നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ നിരന്തരം വെടിനിറുത്തൽ ലംഘനം തുടരുന്നതായാണ് വിവരം. ഈ വർഷം ഇതുവരെ 634 സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ വർഷം 1629 വെടിനിറുത്തൽ ലംഘനങ്ങളും പാകിസ്ഥാനിൽ നിന്നുമുണ്ടായി. എന്നാൽ പാകിസ്ഥാനിൽ നിന്നുള്ള ഓരോ പ്രകോപനത്തിനും ശക്തമായ രീതിയിൽ തിരിച്ചടി നൽകുന്നുണ്ടെന്നാണ് ഇന്ത്യൻ പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.