sreedharan-pillai

തിരുവനന്തപുരം: മിഷൻ ശക്തി വിജയകരമായി പൂർത്തിയാക്കിയെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രചാരണ പ്രസംഗത്തിൽ ചിരി പടർത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. ഒന്ന് സ്വിച്ചമർത്തിയാൽ മൂന്ന് മിനിറ്റുകൊണ്ട് പാകിസ്ഥാനിൽ ആർക്കും ടിവി കാണാൻ പറ്റില്ലെന്നായിരുന്നു പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞത്. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

''ഇന്ത്യ ഒരു സ്വിച്ച് അമർത്തിയാൽ പാക്കിസ്ഥാനിൽ പിന്നെ ആർക്കും ടിവി കാണാൻ സാധിക്കില്ലെന്നും എല്ലാം നിശ്ചലമാണെന്നും പറഞ്ഞായിരുന്നു ശ്രീധരൻ പിള്ളയുടെ പ്രസംഗം. പാക്കിസ്ഥാനിൽ പിന്നെ കമ്പി തപാൽ ഉണ്ടാകില്ല. മൊബൈൽ ഫോൺ ഉണ്ടാവില്ല. ഈ മൂന്ന് മിനുട്ട് കൊണ്ട് അവരെയൊക്ക നിശ്ചലമാക്കാൻ സാധിക്കുന്ന ലോകത്തിലെ മഹാശക്തിയായ നാലാമത്തെ രാജ്യമായി നരേന്ദ്ര മോദി നയിക്കുന്ന ഇന്ത്യാ രാജ്യം മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനോടകം ശ്രീധരൻ പിള്ളയുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ഇന്ത്യ പാകിസ്ഥാനിൽ നടത്തിയ മിന്നലാക്രമണത്തെ കുറിച്ചും ശ്രീധരൻ പിള്ള പ്രസംഗത്തിൽ പറയുന്നുണ്ട്. ''അമേരിക്കയും ഇസ്രയേലുമല്ലാതെ ലോകത്ത് സർജിക്കൽ സ്‌ട്രൈക്ക് നടത്തി വിജയിച്ച ഒരു രാജ്യത്തെയും നിങ്ങൾക്ക് കാണാൻ സാധിക്കില്ല. ചൈനയ്ക്കോ റഷ്യയ്ക്കോ പോലും അതിന് സാധിച്ചിട്ടില്ല. പക്ഷേ സർജിക്കൽ സ്‌ട്രൈക്ക് എന്ന് പറഞ്ഞാൽ ഇന്ത്യാ രാജ്യത്തെ ഒരു സൈനികന് അല്ലെങ്കിൽ ഒരാളെ ശത്രുരാജ്യം ആക്രമിച്ചാൽ അവരെ കണ്ടെത്തി അവരുടെ രാജ്യത്ത് പോയി അവനെ ഉന്മൂലനം ചെയ്ത ശേഷം ഒരു പോറൽ പോലും ഏൽക്കാതെ തിരിച്ചെത്തുന്ന വിസ്മയകരമായ മുന്നേറ്റം ഇന്ത്യാ രാജ്യത്തുണ്ടായി,​ അതാണ് ഇന്ത്യ.'' - ശ്രീധരൻ പിള്ള പറഞ്ഞു

രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിലായിരുന്നു ഉപഗ്രഹങ്ങളെ ആക്രമിച്ച് വീഴ്ത്തുന്ന ശേഷി ഇന്ത്യ കൈവരിച്ച വിവരം ജനങ്ങളെ അറിയിച്ചത്. ഇതിന് പിന്നാലെയായിരുന്നു ശ്രീധരൻ പിള്ളയുടെ പ്രസംഗം.