ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അമേതിക്ക് പുറമെ വയനാട്ടിൽ നിന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നതിൽ അഭ്യൂഹങ്ങൾ തുടരുന്നു. രാഹുൽ ഗാന്ധിയുടെ വരവ് വൈകുന്നത് ശരിയല്ലെന്ന് മുസ്‌ലിം ലീഗ് നേതൃത്വം പ്രതികരിച്ചു. അനിശ്ചിതത്വം ഒഴിവാക്കി ഇന്നുതന്നെ തീരുമാനം പ്രഖ്യാപിക്കണമെന്ന് മുസ്ലീം ലീഗ് നേതൃത്വംകോൺഗ്രസ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടുദിവസമായി കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേൽ, ഗുലാം നബി ആസാദ് എന്നിവരുമായി ലീഗ് നേതാക്കൾ ചർച്ച നടത്തിയിരുന്നു. ആശയ വിനിമയം തുടരുകയാണ്.ഇക്കാര്യത്തിൽ അനിശ്ചിതത്വം നീട്ടിക്കൊണ്ടുപോകരുതെന്ന് കോൺഗ്രസ് ഹൈക്കമാൻഡിനോട് മറ്റ് ഘടക കക്ഷികളും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തുമെന്ന കാര്യത്തിൽ അദ്ദേഹത്തിന് വേണ്ടി വയനാട്ടിലെ സ്ഥാനാർത്ഥിത്വം ഉപേക്ഷിച്ച ടി.സിദ്ദിഖിന് ഒട്ടും സംശയമില്ല. രാഹുൽ അമേതിക്ക് പുറമേ മത്സരിക്കുന്നത് കർണാടകത്തിൽ ആയിരിക്കില്ല. വയനാട്ടിൽതന്നെ ആയിരിക്കുമെന്ന് സിദ്ദിഖ് ഉറപ്പിച്ച് പറയുന്നു. രാഹുൽഗാന്ധിയുടെ വിജയത്തിനായി നിയോജക മണ്ഡലം കൺവെൻഷനുകൾ നടന്നുവരികയാണെന്നും സിദ്ദിഖ് 'ഫ്ളാഷി'നോട് പറഞ്ഞു. രാഹുലിന്റെ വരവിനെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരവേയാണ് സിദ്ദിഖിന്റെ പ്രതികരണം.
രാഹുൽ വരുമെന്ന പ്രതീക്ഷയിൽ മണ്ഡലത്തിലെ പരിപാടികളിൽ മാറ്രം വരുത്തിയിരുന്നു. രാഹുൽ ഗാന്ധി തന്നെ വയനാട്ടിൽ സ്ഥാനാർത്ഥിയായി വരണമെന്ന ശക്തമായ ആവശ്യമാണ് പാർട്ടി കേരള ഘടകം കോൺഗ്രസ് ഹൈക്കമാൻഡിനും പാർട്ടി അദ്ധ്യക്ഷനും മുമ്പാകെ വച്ചിരിക്കുന്നത്. അത് അദ്ദേഹം സ്വീകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. എപ്പോൾ പ്രഖ്യാപനം വരുമെന്ന് പറയാനാവില്ല. എന്നാൽ അത് ഉടൻ ഉണ്ടാവും. പ്രഖ്യാപനം വരാൻ ഇത്ര വൈകിയ നിലയ്ക്ക് ഇനി വേറെ സ്ഥാനാർത്ഥി വന്നാൽ അത് ബുദ്ധിമുട്ടാകുമെന്നും സിദ്ദിഖ് പറഞ്ഞു.
കെ.സിയെന്ന് അഭ്യൂഹം
എന്തെങ്കിലും കാരണവശാൽ രാഹുൽ മത്സരിച്ചില്ലെങ്കിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വയനാട്ടിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹം പരക്കുന്നുണ്ട്. അങ്ങനെയെങ്കിൽ അത് വയനാട്ടിൽ എ, ഐ ഗ്രൂപ്പ് പോരിന് ഇടയാക്കും. എ ഗ്രൂപ്പുകാരനായ സിദ്ദിഖിനെ വയനാട്ടിൽ സ്ഥാനാർത്ഥിയാക്കിയതിൽ ഐ ഗ്രൂപ്പിന് അമർഷമുണ്ടായിരുന്നു. കെ.പി.സി.സി പ്രസിഡന്റോ എ.ഐ.സി.സി നേതൃത്വമോ അറിയാതെ ഏകപക്ഷീയമായാണ് സിദ്ദിഖിന്റെ പേര് പുറത്തേക്ക് വിട്ടതെന്നാണ് അവരുടെ ആക്ഷേപം. വയനാട് സീറ്റ് ഐ ഗ്രൂപ്പിന്റേതാണെന്നാണ് അവരുടെ അവകാശ വാദം.