മീററ്റ്: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് റാലികൾക്ക് മീററ്റിൽ തുടക്കമായി. കോൺഗ്രസിനെയും പ്രതിപക്ഷ പാർട്ടികളെയും കടന്നാക്രമിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. കഴിഞ്ഞ അഞ്ച് വർഷമായി തന്റെ സർക്കാർ ജനങ്ങൾക്ക് വേണ്ടി നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും അത് ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കുമെന്നും മോദി പറഞ്ഞു.
തീരുമാനങ്ങളെടുക്കാൻ കഴിഞ്ഞ സർക്കാരാണ് കേന്ദ്രത്തിലുള്ളത്. ഭൂമിയിലും ആകാശത്തും ബഹിരാകാശത്തും മിന്നലാക്രമണം നടത്താനുള്ള നെഞ്ചുറപ്പ് കാണിക്കാൻ കാവൽക്കാരന് മാത്രമേ സാധിച്ചുള്ളു. മുദ്രാവാക്യങ്ങൾ ഉയർത്തി നിരവധി സർക്കാരുകൾ കഴിഞ്ഞ കാലങ്ങളിൽ ഈ രാജ്യത്ത് അധികാരത്തിൽ വന്നിട്ടുണ്ട്. എന്നാൽ ഇതാദ്യമായാണ് പ്രഖ്യാപിച്ച കാര്യങ്ങൾ വളരെ വേഗത്തിൽ നടപ്പിലാക്കിയ ഒരു സർക്കാരിനെ രാജ്യം കാണുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഈ രാജ്യത്തിനായി എൻ.ഡി.എ സർക്കാർ എന്തൊക്കെ ചെയ്തു എന്നതിന്റെ കണക്കുകൾ വരുന്ന ദിവസങ്ങളിൽ എല്ലാവർക്കും ലഭ്യമാകും. ഞാൻ എന്താണ് ചെയ്തത്, മറ്റുള്ളവർ ചെയ്തതും ചെയ്യാത്തതുമായ കാര്യങ്ങൾ നിങ്ങളുടെ മുന്നിലെത്തും. വികസനത്തിന്റെ വഴിയിലൂടെയാണ് ഈ പാർട്ടി മുന്നോട്ട് പോകുന്നത്. എന്നാൽ മറ്റുള്ളവർക്ക് നയമോ, മാർഗരേഖയോ ഒന്നുമില്ലെന്നും പ്രതിപക്ഷ സഖ്യത്തെ വിമർശിച്ചു കൊണ്ടായിരുന്നു മോദിയുടെ പ്രസംഗം.
ഇത്രകാലം ഭരിച്ചിട്ടും ജനങ്ങൾക്ക് ഒരു ബാങ്ക് അക്കൗണ്ട് പോലും തുറക്കാൻ കഴിയാത്തവർ ഇപ്പോൾ അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകുമെന്ന് പറയുന്നു. അവർ എന്താണ് ചെയ്യുകയെന്നും മോദി ചോദിച്ചു. ബഹിരാകാശ രംഗത്ത് രാജ്യം കൈവരിച്ച നേട്ടത്തെ പ്രതിപക്ഷം അവഗണിച്ചത് എങ്ങനെയാണെന്ന് ജനങ്ങൾ കണ്ടതാണ്.
ഉപഗ്രഹവേധ മിസൈൽ വിജയിച്ചപ്പോൾ അതിനെ നാടകമെന്ന് വിശേഷിപ്പിച്ച് ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ രാഹുൽ ഗാന്ധി ശ്രമിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസിനെ നീക്കിയാലേ രാജ്യത്ത് ദാരിദ്ര്യം നീങ്ങുകയുള്ളു, ബി.ജെ.പി വിരുദ്ധ മഹാസഖ്യത്തിന് ഭീകരരുടെ പിന്തുണയുണ്ടെന്നും മോദി പറഞ്ഞു.
വ്യോമസേന കൂടുതൽ യുദ്ധവിമാനങ്ങൾ ആവശ്യപ്പെട്ടപ്പോൾ അവർ അത് അവഗണിക്കുകയാണ് ചെയ്തത്. സൈനികര്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നൽകാനോ ഉപഗ്രഹവേധ മിസൈൽ പരീക്ഷണങ്ങൾ നടത്താനുള്ള അനുമതി ശാസ്ത്രജ്ഞർക്ക് നൽകുകയോ ചെയ്തില്ല. രാജ്യം ദുർബലമായിരിക്കണം എന്നാണ് അവർ ആഗ്രഹിച്ചതെന്നും മോദി കുറ്റപ്പെടുത്തി.