cpm

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ സി.പി.എമ്മിന്റെ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്​ പ്രകടന പത്രിക പുറത്തിറക്കിയത്​. ബി.ജെ.പിയെ പരാജയപ്പെടുത്തുക, സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ശക്തി വർദ്ധിപ്പിക്കുക, രാജ്യത്ത് മതേതര ബദൽ സർക്കാർ രൂപീകരിക്കുക എന്നിവയാണ് പ്രകടനപത്രികയുടെ ലക്ഷ്യമെന്ന് യെച്ചൂരി പറഞ്ഞു. ഭരണഘടന ഉറപ്പുതരുന്ന ജനാധിപത്യ അവകാശങ്ങളും മതേതര മൂല്യങ്ങളും സംരക്ഷിക്കുമെന്നാണ് പ്രകടനപത്രികയിലെ ആദ്യത്തെ വാഗ്ദാനം.

മിനിമം കൂലി പ്രതിമാസം 18,​000 രൂപ ഉറപ്പുവരുത്തും,​ ആറായിരം രൂപ വാർധക്യകാല പെൻഷൻ ഉറപ്പാക്കും, എല്ലാ കുടുംബങ്ങൾക്കും പൊതുവിതരണ സംവിധാനം വഴി 35 കിലോ ഭക്ഷ്യധാന്യം, ദാരിദ്ര്യ രേഖക്ക്​ താഴെയുള്ളവർക്ക്​ രണ്ട്​ രൂപ നിരക്കിൽ ഏഴ്​ കിലോ ഭക്ഷ്യധാന്യം, കാർഷികോൽപ്പന്നങ്ങൾ​ക്ക്​ ഉൽപാദനത്തിൻെറ 50 ശതമാനം വില ഉറപ്പാക്കും എന്നിവയാണ്​ പ്രകടന പത്രികയിലെ പ്രധാന വാഗ്​ദാനങ്ങൾ.

സി.പി.എം പ്രകടന പത്രികയിലെ മറ്റ് പദ്ധതികൾ

1-സ്വകാര്യ മേഖലയിലെ ജോലിക്കും വിദ്യഭ്യാസത്തിനും എസ്​.സി.എസ്​.ടി വിഭാഗങ്ങൾക്ക്​ സംവരണം ഉറപ്പാക്കും, സ്​ത്രീ സംവരണ ബിൽ നടപ്പാക്കും എന്നീ വാഗ്​ദാനങ്ങളും പ്രകടന പത്രികയിൽ ഉൾപ്പെട്ടിട്ടുണ്ട്​.

2-സമ്പൂർണ്ണ സൗജന്യ ആരോഗ്യപരിപാലനം നടപ്പാക്കും, സ്വകാര്യ ഇൻഷുറൻസ് കമ്പനികളെ ഉപയോഗിച്ച് സൗജന്യ ആരോഗ്യരക്ഷ ഉറപ്പാക്കും. മൊത്തം ദേശീയവരുമാനത്തിന്റെ അഞ്ച് ശതമാനം ആരോഗ്യരക്ഷയ്ക്കായി മാറ്റിവയ്ക്കും.

3-പാർലമെന്റിലും നിയമസഭകളിലും മൂന്നിലൊന്ന് വനിതാ സംവരണം നടപ്പാക്കും. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ തടയാനുള്ള നടപടികൾ സ്വീകരിക്കും.

4-പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിൽ ഘടനാപരമായ മാറ്റങ്ങൾ കൊണ്ടുവരും. സ്കൂൾ വിദ്യാഭ്യാസത്തിന്റെയും ഉന്നത വിദ്യാഭ്യാസത്തിന്റെയും മേന്മ വർദ്ധിപ്പിക്കും. ദേശീയ വരുമാനത്തിന്റെ ആറ് ശതമാനം വിദ്യാഭ്യാസ മേഖലയ്ക്കായി നീക്കിവയ്ക്കും.

5-വിദ്യാഭ്യാസമേഖലയിലെ വർഗീയവൽക്കരണം തടയുകയും വിദ്യാഭ്യാസത്തിന്റെ ജനാധിപത്യ സ്വഭാവം ഉറപ്പാക്കുകയും ചെയ്യും.

6-തൊഴിലില്ലായ്മ പരിഹരിക്കാനുള്ള നടപടികൾ കൈക്കൊള്ളും, തൊഴിലെടുക്കാനുള്ള മൗലികാവകാശം സംരക്ഷിക്കും.

7-6000 രൂപയിൽ കുറയാത്ത വാർദ്ധക്യകാല പെൻഷൻ ഉറപ്പാക്കും.

8-പൊതുമേഖലയിലേയും പ്രതിരോധ, ഊർജ്ജ, റയിൽവേ, അടിസ്ഥാന സേവന മേഖലകളിലെയും സ്വകാര്യവൽക്കരണം അവസാനിപ്പിക്കും

9-സ്വകാര്യമേഖലയിൽ പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് തൊഴിൽ സംവരണം ഉറപ്പാക്കും.

10-ധനികരുടേയും കോർപ്പറേറ്റുകളുടേയും നികുതി ഉയർത്തും. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വിടവ് നികത്തുംവിധം നികുതിസംവിധാനം പുതുക്കിപ്പണിയും.

11-ഡിജിറ്റൽ മേഖലയുടെ വികാസം പൊതുമേഖലയുടെ വികാസമായി കണക്കാക്കി ഡിജിറ്റൽ നയം രൂപീകരിക്കും.

12-പൗരന്മാരെ സർക്കാർ നിരീക്ഷിക്കുന്നതും അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതും അവസാനിക്കും.

13-ജനങ്ങളുടെ സ്വകാര്യവിവരങ്ങൾ കോർപ്പറേറ്റുകളുടെ കയ്യിലെത്താതെ സംരക്ഷിക്കും.

14-ടെലികോം മേഖലയുടേയും ഇന്റർനെറ്റ് സേവന മേഖലയുടേയും കുത്തകവൽക്കരണം തടയും.

15-2018ലെ ട്രാൻസ്ജൻഡർ ബില്ലിലെ പോരായ്മകൾ പരിഹരിച്ച് ട്രാൻസ്ജൻഡറുകൾക്ക് തുല്യനീതി ഉറപ്പാക്കും. ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് തൊഴിൽ സംവരണം നടപ്പാക്കും. എൽ.ജി.ബി.ടി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയും.