സ്റ്റോക്ക്ഹോം: ഇൗവ ബർത്തിന് വയസ് അറുപത്തിരണ്ടായി. പക്ഷേ, അതിന്റെ പ്രശ്നങ്ങളൊന്നുമില്ല. എന്നല്ല, ശരീര സൗന്ദര്യത്തിന്റെ കാര്യത്തിൽ ഇവയ്ക്കുമുന്നിൽ പിടിച്ചുനിൽക്കാൻ യുവ കേസരികൾക്കു പോലും കഴിയില്ല. ലോകത്തെ അറിയപ്പെടുന്ന ബോഡി ബിൽഡർമാരിൽ ഒരാളാണ് ഇൗവ.
നാൽപ്പതുവയസിലാണ് ബോഡി ബിൽഡിംഗ് രംഗത്തേക്ക് ഇൗവ ചുവടുവച്ചത്. അഭ്യുദയകാംക്ഷികളായ ചിലരായിരുന്നു പ്രചോദനം. കഠിനപരിശ്രമം കൂടിയായതോടെ ബഹുമതികൾ കൈപ്പിടിയിലൊതുക്കാൻ അധികസമയം വേണ്ടിവന്നില്ല. ഇങ്ങനെ രാജകലയിൽ വിരാജിക്കെയാണ് രണ്ടുവർഷം മുമ്പ് കുടലിലെ കാൻസർ വില്ലനായി എത്തിയത്. ആരും തളർന്നുപോകുന്ന അവസ്ഥ. പക്ഷേ, ഇൗവ തളർന്നില്ല. കാൻസറിനെ സധൈര്യം നേരിട്ടു. ഒടുവിൽ ആ ഭീകരൻ സുല്ലിട്ടു.
ആഹാര രീതിയാണ് രോഗത്തിന് കാരണം എന്ന് തിരിച്ചറിഞ്ഞതോടെ അത് അപ്പാടെ പരിഷ്കരിച്ചാണ് കാൻസറിനെ പടിക്കു പുറത്താക്കിയത്. ചിക്കൻ, ചോറ്, പാൽ, പ്രോട്ടീൻ പൗഡർ തുടങ്ങിയവയായിരുന്നു പ്രധാന ആഹാരം. ഇവയിൽ പലതിലുമുള്ള അന്നജവും പഞ്ചസാരയുമാണ് പ്രശ്നമായതെന്നായിരുന്നു ഡോക്ടർമാരുടെ കണ്ടെത്തൽ.
ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമായിരുന്നു പുതിയ ആഹാര രീതി ഉണ്ടാക്കിയത്. ഇറച്ചിയും(കോഴി ഒഴികെ) മീനും മുട്ടയും വെള്ളവും മാത്രമാണ് ഇൗവയുടെ പ്രധാന ആഹാരം. അരിയും ഗോതമ്പും കൈ കൊണ്ട് തൊടില്ല. പ്രതീക്ഷിച്ചതിനെക്കാൾ വേഗത്തിൽ കാൻസർ മെരുങ്ങി.
ആഹാരരീതി മാറ്റിയതിനാൽ ബോഡിബിൽഡിംഗ് ഒരു സ്വപ്നമാകുമെന്നാണ് കരുതിയത്. പക്ഷേ, ആശങ്ക അസ്ഥാനത്താണെന്ന് തെളിയാൻ കൂടുതൽ സമയം വേണ്ടിവന്നില്ല. വച്ചടികയറ്റമായിരുന്നു. വിശക്കുമ്പോൾ തിന്നും ,ദാഹിക്കുമ്പാേൾ കുടിക്കും ഇതാണ് ഇൗവയുടെ ഇപ്പോഴത്തെ പോളിസി.