ഡെറാഡൂൺ: ബിസ്കറ്റ് മോഷ്ടിച്ചെന്നാരോപിച്ച് ഏഴാംക്ലാസ് വിദ്യാർത്ഥിയെ മുതിർന്ന വിദ്യാർത്ഥികൾ മർദ്ദിച്ച് കൊലപ്പെടുത്തി. കൊലപാതകവിവരം പുറത്തറിയാതിരിക്കാൻ വിദ്യാർത്ഥിയുടെ മൃതദേഹം സ്കൂൾ അധികൃതർ സ്കൂൾ വളപ്പിൽത്തന്നെ മറവ് ചെയ്തു. ഡെറാഡൂണിലെ ബോർഡിംഗ് സ്കൂളിലാണ് നാടിനെ നടുക്കിയ സംഭവം.
സ്കൂളിൽനിന്നുള്ള വിനോദയാത്രയ്ക്കിടെ കൊല്ലപ്പെട്ട വിദ്യാർത്ഥി ബിസ്കറ്റ് മോഷ്ടിച്ചുവെന്നാരോപിച്ചാണ് സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചത്. ക്രിക്കറ്റ് ബാറ്റും വിക്കറ്റ് സ്റ്റമ്പുകളും ഉപയോഗിച്ച് മണിക്കൂറുകളോളം ക്രൂരമായി മർദ്ദിച്ചതായാണ് റിപ്പോർട്ട്. സ്കൂൾ വളപ്പ് വിട്ട് പുറത്തുപോകാനും വിദ്യാർത്ഥിയെ ഇവർ അനുവദിച്ചിരുന്നില്ല. എന്നാൽ, കഠിനമായ രക്തസ്രാവത്തെത്തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും വിദ്യാർത്ഥി മരിച്ചിരുന്നു.
സ്കൂൾ വളപ്പിൽ കുഴിച്ചിട്ട മൃതദേഹം പൊലീസ് പുറത്തെടുത്ത് പോസ്റ്റ്റ്റ്മാർട്ടത്തിനയയ്ക്കുകയായിരുന്നു.
സംഭവത്തിൽ സ്കൂൾ മാനേജർ, വാർഡൻ, അദ്ധ്യാപൻ, രണ്ട് 12-ാം ക്ലാസ് വിദ്യാർത്ഥികൾ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.