ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ കണ്ടെത്തിയ 22 പ്രദേശങ്ങളിൽ ഭീകരക്യാമ്പുകൾ പ്രവർത്തിക്കുന്നില്ലെന്ന് പാകിസ്ഥാൻ. ഇന്ത്യ ചൂണ്ടിക്കാട്ടിയ പ്രദേശങ്ങളിൽ വിശദമായ പരിശോധന നടത്തിയെന്നും ഇന്ത്യ ആരോപിക്കുന്നതുപോലെ ഇവിടങ്ങളിൽ ഭീകരക്യാമ്പുകൾ പ്രവർത്തിക്കുന്നതായുള്ള തെളിവുകൾ കണ്ടെത്താനായില്ലെന്നുമാണ് പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. ഇതോടെ പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നൽകിയ എല്ലാ തെളിവുകളും പാകിസ്ഥാൻ നിഷേധിച്ചു. തെളിവുകൾ തന്നാൽ അന്വേഷിക്കാമെന്ന പാകിസ്ഥാന്റെ ഉറപ്പിന്മേലാണ് ഇന്ത്യ ഇവ കൈമാറിയത്.
ഇന്ത്യ പറയുംപ്രകാരം 54 പേരെ ചോദ്യം ചെയ്തെങ്കിലും പുൽവാമ ആക്രമണവുമായി ബന്ധമുള്ള ഒന്നും അവരിൽനിന്ന് കണ്ടെത്താനായിട്ടില്ല. ഇന്ത്യ നൽകിയ എല്ലാ തെളിവുകളും വിശദമായി പരിശോധിച്ചു. ഭീകരൻ ആദിൽ അഹമ്മദ് ദറിന്റെ കുറ്റസമ്മത വീഡിയോയടക്കമുള്ള ദൃശ്യങ്ങൾ പരിശോധിച്ചു. സംശയകരമായ ഒന്നുംതന്നെ കണ്ടില്ല. കൂടുതൽ തെളിവുകൾ നൽകിയാൽ ഏതന്വേഷണത്തോടും സഹകരിക്കാം. പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഡൽഹിയിലുള്ള പാക് ആക്ടിംഗ് ഹൈകമ്മീഷണർക്ക് ഫെബ്രുവരി 27നാണ് ഇന്ത്യ തെളിവുകൾ കൈമാറിയത്. പാക് ഭീകരസംഘടനയായ ജെയ്ഷെ-ഇ-മുഹമ്മദിന് പുൽവാമ ആക്രമണവുമായുള്ള ബന്ധം വിശദമാക്കുന്ന തെളിവുകളാണ് ഇന്ത്യ സമർപ്പിച്ചത്. ഇത് പരിശോധിച്ച് കഴിഞ്ഞ ദിവസമാണ് ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായ അജയ് ബിസാരിയയ്ക്ക് പാക്ക് വിദേശകാര്യ സെക്രട്ടറി വിവരങ്ങൾ കൈമാറിയത്.