പിങ്ക് പൊലീസ് അംഗങ്ങൾ ആറുപേരും പിന്നെ എസ്.ഐ ജെയിംസും കരുതലോടെ വരമ്പത്തു കൂടി നടന്നു.
വരമ്പിൽ ഇടയ്ക്കിടെ തെങ്ങുകൾ ഉണ്ടായിരുന്നു.
നെഞ്ചറ്റം വെള്ളം കാണും പുഞ്ചപ്പാടത്ത് എന്ന് അവർക്കു തോന്നി.
തണുത്ത കാറ്റ് വീശുന്നുണ്ട്. തെങ്ങോലകൾ നരച്ച ആകാശത്തിനു താഴെ ഇളകിക്കൊണ്ടിരുന്നു...
''തമിഴ്നാട് രജിസ്ട്രേഷനുള്ള സുമോ റോഡിൽ കിടക്കുന്നതിനാൽ അവർ തുരുത്തിൽ തന്നെയുണ്ട് എന്നത് ഉറപ്പ്."
ജെയിംസ് ശബ്ദം താഴ്ത്തി മറ്റുള്ളവരോടു പറഞ്ഞു:
''നമ്മൾ വളരെ സൂക്ഷിക്കണം. അവിടെ എത്രപേർ ഉണ്ടെന്നോ എന്തൊക്കെ ആയുധങ്ങൾ ഉണ്ടെന്നോ നമുക്കറിയില്ല. ഷണ്മുഖനെ നമ്മൾ പിടിച്ചതു കാരണം ഏത് നിമിഷവും ഒരു അറ്റാക്ക് അവർ പ്രതീക്ഷിക്കുന്നുമുണ്ടാവും."
വിജയ അമർത്തി മൂളി.
വെള്ളത്തിൽ മീനുകൾ കുത്തിമറിയുന്നതിന്റെ ശബ്ദം ഇടയ്ക്കിടെ കേട്ടു.
ആ സമയം തുരുത്തിലെ ചെറിയ കെട്ടിടത്തിനുള്ളിൽ -
രാഹുലിനു മുന്നിൽ തല താഴ്ത്തി നിൽക്കുകയാണ് ഉത്തമപാളയം മുരുകനും വിജയയുടെ വീട്ടിൽ വന്ന അടുത്ത ഗുണ്ടയും.
വേറെ രണ്ടുപേർ കൂടി അവിടെയുണ്ട്. അവർക്കു മുന്നിൽ ഒരു എമർജൻസി ലൈറ്റ് തെളിഞ്ഞിരിക്കുന്നു...
രാഹുൽ, മുരുകനെ നോക്കി ചീറി.
''നീ വല്യ ഗുണ്ടയാണ്. നിന്റെ മടവാളിനു മുന്നിൽ ഒരുത്തനും രക്ഷപെട്ടില്ല എന്നൊക്കെ വീരവാദം പറഞ്ഞിട്ട് ഇപ്പഴെന്തായി? കൂടെകൊണ്ടുപോയ ഒരുത്തനെ അവർക്കു കൊടുത്തിട്ടും വന്നിരിക്കുന്നു! മുന്നിൽ വന്നവനെയൊക്കെ വെട്ടീക്കീറാമായിരുന്നില്ലേ നിനക്ക്?"
ഉത്തമപാളയം മുരുകൻ കുറ്റബോധത്തോടെ തലയുയർത്തി.
''അപ്രതീക്ഷിതമായിരുന്നു സാർ എല്ലാം... അത്രയും പേർ പെട്ടെന്നു അവിടെ വരുമെന്നു കരുതിയില്ല. അക്കൂട്ടത്തിൽ ഒരുത്തൻ... അവനാണ് എല്ലാം നശിപ്പിച്ചത്. അവനെ കണ്ടിട്ട് ഒരു പോലീസ് ഓഫീസറാണെന്നു തോന്നി."
രാഹുലിന്റെ പുരികം ചുളിഞ്ഞു. എങ്ങനെ ചിന്തിച്ചിട്ടും അവിടെ ആ നേരത്ത് ഒരു പോലീസ് ഉദ്യോഗസ്ഥൻ വരാനുള്ള സാദ്ധ്യത അവനു പിടികിട്ടിയില്ല.
അസ്വസ്ഥതയോടെ രാഹുൽ ഒരു സിഗററ്റിനു തീ പിടിപ്പിച്ചു.
''നിന്റെ അനുചരൻ ഷൺമുഖനെ കല്ലിൽ വച്ച് അരച്ചിട്ടായാലും വിജയ എല്ലാം മനസിലാക്കും. നമ്മൾ ഇവിടെയുണ്ടെന്നറിഞ്ഞ് അവൾ ഇങ്ങോട്ടു തന്നെവരും. പോരെങ്കിൽ ആ എസ്.പി അരുണാചലം അവൾക്കു പിന്നിൽ ഉണ്ടുതാനും."
മുരുകന്റെ മുഖം മുറുകി:
''അപ്പോൾ എനിക്ക് അങ്ങനെയൊരു തെറ്റുപറ്റി എന്നത് നേര്. പക്ഷേ ഇങ്ങോട്ട് ആരെങ്കിലും വന്നാൽ അവരു പിന്നെ ജീവനോടെ തിരിച്ചുപോകില്ല.
മാത്രമല്ല ഷൺമുഖൻ ഒന്നും വിട്ടുപറയുന്ന കൂട്ടത്തിലുമല്ല..."
രാഹുൽ തല കുടഞ്ഞു.
''ഏതായാലും ഇനി ഒരു ഭാഗ്യപരീക്ഷണത്തിനു ഞാനില്ല. എത്രയും വേഗം നമുക്ക് ഇവിടെനിന്നു പോകണം. നിന്റെ ഷൺമുഖന്റെ കാര്യം മറന്നേക്ക്. ചത്താലും ജീവിച്ചാലും അത് അവന്റെ വിധിയാണെന്നു കരുതിക്കോ..."
തിടുക്കത്തിൽ രണ്ടുമൂന്നു കവിൾ പുക വലിച്ചെടുത്തിട്ട് രാഹുൽ സിഗററ്റ് വലിച്ചെറിഞ്ഞു. ശേഷം എഴുന്നേറ്റു.
''പുറത്ത് പോയി നോക്ക് സംശയകരമായി എന്തെങ്കിലും ഉണ്ടോയെന്ന്."
ഒരാൾ പുറത്തെ മുറിയിലേക്കു നടന്നു. ശബ്ദം കേൾപ്പിക്കാതെ വാതിൽ തുറന്നു പുറത്തേക്കു നോക്കി.
മങ്ങിയ നാട്ടുവെളിച്ചത്തിൽ ചിറ.... ഒരനക്കം പോലുമില്ല...
അയാൾ തിരികെ വന്നു.
''കുഴപ്പമൊന്നുമില്ല..."
അവർക്ക് അവിടെ നിന്ന് പ്രത്യേകിച്ച് എടുക്കുവാൻ ഒന്നുമില്ലായിരുന്നു.
രാഹുൽ തന്റെ അരക്കെട്ടിൽ പിസ്റ്റൾ ഉണ്ടെന്ന് ഉറപ്പുവരുത്തി.
ശേഷം ഉത്തമപാളയം മുരുകനു നേരെ തിരിഞ്ഞു.
''വണ്ടിയിൽ ഡീസൽ ഉണ്ടാകുമല്ലോ. അല്ലേ? ടിവിയിൽ വാർത്തകൾ വന്നതിനാൽ പെട്രോൾ പമ്പുകളിലൊന്നും എനിക്ക് കയറുവാൻ കഴിയില്ല..."
നേരത്തെ പത്തനംതിട്ട റിങ്റോഡിൽ ഉപേക്ഷിച്ച സുമോ മുരുകൻ വീണ്ടെടുക്കയായിരുന്നു. അവരെ ഇവിടെയെത്തിച്ച ഇന്നോവ തിരിച്ചയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോൾ സുമോയ്ക്ക് വ്യാജ നമ്പരാണ് പിടിപ്പിച്ചിരിക്കുന്നത്.
''ഡീസൽ ഫുൾടാങ്ക് ഉണ്ട് സാർ." മുരുകൻ അറിയിച്ചു.
''എങ്കിൽ പോകാം.... ആദ്യം രണ്ടുപേർ റോഡിൽ വരെ നടക്കണം. എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ മെസേജ് തരണം." രാഹുൽ ഓർമ്മപ്പെടുത്തി.
എല്ലാവരും ഒന്നിച്ച് വാതിൽക്കലെത്തി. രണ്ടുപേർ പുറത്തിറങ്ങി. അടുത്ത നിമിഷം കേട്ടത് നിലവിളികൾ....!
[തുടരും]