ബെർലിൻ: ജർമ്മനിയിൽ ഒരു പരസ്യത്തിന്റെ പേരിൽ ഗതാഗത മന്ത്രാലയവും വനിതാ സംഘടനകളും തമ്മിൽ ഗംഭീര പോരിലാണ്.
സൈക്കിൾ യാത്രക്കാരെ ഹെൽമറ്റ് ധരിപ്പിക്കാൻ പ്രേരിപ്പിക്കുന്നതിനായി മന്ത്രാലയം പുറത്തുവിട്ട പരസ്യമാണ് പുകിലുകളെല്ലാം ഉണ്ടാക്കിയത്. ജർമ്മൻ ടെലിവിഷനിലെ പ്രശസ്തമായ ഗെയിം ഷോയിലെ താരങ്ങളായിരുന്നു പരസ്യത്തിലെ മോഡലുകൾ. ഇവർക്ക് തുണി കുറഞ്ഞുപോയതാണ് പ്രശ്നമായത്.
കാണാൻ മോശം ലുക്കാണെങ്കിലും ജീവൻ രക്ഷപ്പെടുമല്ലോ എന്നുള്ള പരസ്യവാചകം കൂടിയായപ്പോൾ കാര്യങ്ങളെല്ലാം ഒാകെയായി. പരസ്യം സ്ത്രീവിരുദ്ധമെന്നു മാത്രമല്ല സദാചാര വിരുദ്ധമെന്നുമാണ് സ്ത്രീപക്ഷക്കാരുടെ അഭിപ്രായം.പരസ്യത്തിലെ ഒരുമോഡലിന്റെ ശരീരത്തിലുള്ളത് അടിവസ്ത്രംമാത്രമാണ്. ഇതാണ് ഏറെ വിമർശനത്തിന് ഇടയാക്കിയത്.
നഗ്നതകാണിച്ചല്ല ബോധവത്കരിക്കേണ്ടത് എന്നാണ് വനിതാ സംഘടനകളുടെ പക്ഷം. പരസ്യം എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇവർക്ക് പിന്തുണയുമായി ആരോഗ്യമന്ത്രാലയവും കൂടി എത്തിയതോടെ കട്ടക്കലിപ്പായി. പൂർണമായും വസ്ത്രംധരിച്ച് ഹെൽമറ്റും വച്ച് സൈക്കിൾ ചവിട്ടുന്ന ഒരു യുവതിയുടെ ചിത്രം ഫേസ്ബുക്ക് പേജിൽ പോസ്റ്റുചെയ്തുകൊണ്ട് ആരോഗ്യമന്ത്രി കുറിച്ചത് ഇങ്ങനെയായിരുന്നു-''പൂർണമായ് വസ്ത്രംധരിച്ച് ഹെൽമറ്റ് വച്ചാലും രക്ഷപ്പെടാം.
പക്ഷേ, ഗതാഗതമന്ത്രാലയം അനങ്ങിയില്ല. ഇത്രയും വിമർശനമുണ്ടായത് പരസ്യം ക്ളിക്കായതിന് തെളിവാണെന്നാണ് അവരുടെ നിലപാട്. ''സൈക്കിളോടിക്കുന്ന എല്ലാവരും ഹെൽമറ്റ് വയ്ക്കണം. അതുമാത്രമാണ് ലക്ഷ്യം. അങ്ങനെ തന്നെ സംഭവിക്കട്ടെ- ഗതാഗത മന്ത്രാലയത്തിലെ ഉന്നതന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.